മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. വ്യാഴാഴ്ച മുംബൈ പ്രത്യേക കോടതിയില്‍ നല്‍കിയ മൊഴിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതായി എഫ്ബിഐ അറിയിച്ചത്. മുംബൈ ആക്രമണം സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് എഫ്ബിഐയുടെ പ്രത്യേക ദൂതന്‍ കോടതിയെ അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് ഏതാനും പാക് പൌരന്‍മാരെ എഫ്ബിഐ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ചോദ്യം ചെയ്തവരുടെ പേര്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ആക്രമണത്തില്‍ പാക് പൌരന്‍മാര്‍ക്കുള്ള പങ്ക് നേരത്തെ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 26 മുതല്‍ 29 വരെ മുംബൈയില്‍ ആക്രമണം നടത്തിയവര്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ജിപിഎസ് ഡാറ്റ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി എഫ്ബിഐ നേരത്തെ പറഞ്ഞിരുന്നു.
അജ്മല്‍ ആമിര്‍ കസബ് അടക്കമുള്ള 10 അക്രമികളും കറാച്ചി തീരത്ത് നിന്നാണ് മുംബൈയിലെത്തിയതെന്ന് ഉപഗ്രഹ തെളിവുകളുടെ പരിശോധനയില്‍ വ്യക്തമായതായി എഫ് ബി ഐ ദൂതന്‍ വെളിപ്പെടുത്തി. പത്ത് പ്രതികളും പാകിസ്ഥാനിലുള്ള തങ്ങളുടെ ആള്‍ക്കാരുമായി ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു എന്ന ഇന്ത്യയുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് എഫ് ബി ഐയുടെ വെളിപ്പെടുത്തല്‍.
മുംബൈ ഭീകരാക്രമണ കേസില്‍ ആദ്യമായാണ് വിദേശത്ത് നിന്നുള്ള ഒരാള്‍ പ്രത്യേക കോടതിയില്‍ നേരിട്ട ഹാജരായി മൊഴി നല്‍കുന്നത്. രണ്ട് എഫ് ബി ഐ ഏജന്‍റുമാരെയാണ് കോടതി വിസ്തരിക്കുക. ആക്രമണത്തില്‍ ആറ് അമേരിക്കന്‍ പൌരന്‍മാരും കൊല്ലപ്പെട്ടിരുന്നു.