മുംബൈ ഭീകരാക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായി എന്ന പാകിസ്ഥാന്റെ വാദത്തോടെ പിന്നീട് പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍ കൈമാറുമെന്ന് പറഞ്ഞിട്ടുള്ള രേഖകള്‍ പരിശോധിച്ച ശേഷമാവും ഇന്ത്യന്‍ പ്രതികരണം.
അന്വേഷണം പൂര്‍ത്തിയാക്കി എന്ന പാകിസ്ഥാന്‍ വാദത്തെ തുടര്‍ന്ന് ഇന്ത്യയുടെ പ്രതിനിധി മന്‍പ്രീത് വോഹ്‌റ പാകിസ്ഥാന്‍ ആഭ്യന്തര ഉപദേഷ്ടാവ് റഹ്മാന്‍ മാലിക്കിനെ ശനിയാഴ്ച വൈകിട്ട് കണ്ടിരുന്നു. പാകിസ്ഥാന്റെ അന്വേഷണം സംബന്ധിച്ച വിശദമായ രേഖകള്‍ ഇന്ത്യയ്ക്ക് കൈമാറാമെന്ന് മാലിക് കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വിഷ്ണു പ്രകാശ് പറഞ്ഞു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ അഞ്ച് പേരുടെ വിചാരണ ഉടന്‍ തുടങ്ങുമെന്നും കേസില്‍ സംശയിക്കുന്ന 12 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാകിസ്ഥാന്‍ റിക്കോര്‍ഡ് സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി എന്നും ആവശ്യപ്പെട്ട തെളിവുകള്‍ നല്‍കാന്‍ കൂടുതല്‍ സമയം എടുത്തതിലൂടെ ഇന്ത്യയാണ് അന്വേഷണത്തില്‍ താമസം സൃഷ്ടിച്ചതെന്നും മാലിക് നടത്തിയ പ്രസ്താവന വിദേശകാര്യ സഹമന്ത്രി പ്രിനീത് കൌര്‍ നിഷേധിച്ചു.
ഇന്ത്യ പാകിസ്ഥാന്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. എന്നാല്‍, പാകിസ്ഥാനാണ് പ്രതികരിക്കാന്‍ വൈകിയതെന്നും മന്‍പ്രീത് കൌര്‍ കുറ്റപ്പെടുത്തി.