26/11: കൂടുതല്‍ നടപടി വേണമെന്ന് ചിദംബരം

ശനി, 26 ജൂണ്‍ 2010 (16:48 IST)
PTI
മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്ഥാന്‍ കൂടുതല്‍ നടപടി എടുക്കണമെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം ആവശ്യപ്പെട്ടു. 26/11 ആക്രമണത്തില്‍ പാകിസ്ഥാന്‍ വിചാരണ ചെയ്തതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നും ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ഇന്ത്യ കരുതുന്നത്. അതിനാല്‍ കൂടുതല്‍ പേരെ വിചാരണ ചെയ്യണം. 26/11 കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചും പാകിസ്ഥാന്‍ വിശദീകരിക്കണമെന്ന് ചിദംബരം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെയാണ് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നു എന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ഇരുവരും തുറന്ന സംസാരമാണ് നടത്തിയത് എന്നും സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിച്ചുകൊണ്ട് ചിദംബരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക