20 വർഷമായി പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻപൗരന്‍ മരിച്ചു

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2016 (13:06 IST)
20 വർഷത്തോളമായി പാകിസ്ഥാന്‍ ജയിലിൽ കഴിയുന്ന ഇന്ത്യൻപൗരനായ കൃപാൽ സിങിനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് കൃപാലിനെ കോട്ട് ലഖ്പാത് ജയിലിലെ സെല്ലിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ ഗുർദാസ്പുർ സ്വദേശിയാണ് കൃപാൽ സിങ്.
 
ഇന്ത്യയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 1992ലാണ് ഇദ്ദേഹത്തെ പാകിസ്ഥാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പര കേസിൽ പിന്നീട് പ്രതിചേർക്കപ്പെടുകയായിരുന്നു. കേസിൽ കൃപാൽ സിങിന് പാകിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. അതേസമയം, കൃപാൽ സിങിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ആട്ടോപ്സി പരിശോധനാഫലം ലഭിച്ചതിന് ശേഷമേ മരണകാരണം എന്തെന്ന് വ്യക്തമാക്കാൻ കഴിയൂവെന്നും അധികൃതർ പറഞ്ഞു.
 
അതേസമയം, കേസ് നടത്താനുള്ള പണമില്ലാത്തത്കൊണ്ടാണ് കൃപാൽ സിങിനുവേണ്ടി കോടതിയെ സമീപിക്കാന്‍ പറ്റാതിരുന്നതെന്ന് സഹോദരി ജാഗിർ കൗർ പറഞ്ഞു. സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ തങ്ങളെ സഹായിക്കാനെത്തിയില്ലെന്നും അവർ ആരോപിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം