10,000 പൈലറ്റുമാര്‍ നിരീക്ഷണത്തില്‍

തിങ്കള്‍, 21 മാര്‍ച്ച് 2011 (16:15 IST)
PRO
PRO
വ്യാജരേഖകളിലൂടെ ലൈസന്‍സ് നേടിയെടുത്ത് വിമാനയാത്രക്കാരുടെ ജീവന്‍ പന്താടുന്ന പൈലറ്റുമാരെ പിടികൂടാന്‍ വ്യോമയാന വിഭാഗം വലവിരിച്ചു. കോമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ പതിനായിരത്തോളം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കൃത്രിമവഴികളിലൂടെ പൈലറ്റ് ജോലി കരസ്ഥമാക്കിയവരുടെ വിവരങ്ങള്‍ വെളിച്ചത്ത് വന്നതോടുകൂടിയാണ് നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ സ്കൂളുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. വിദേശത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ഇത്തരം കോഴ്സുകള്‍ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരെ വ്യാജലൈസന്‍സുകള്‍ നല്‍കി ഫ്ലൈ സ്കൂളുകള്‍ കബിളിപ്പിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

തട്ടിപ്പ് നടത്തിയ ആറു പൈലറ്റുമാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും പലരെയും നിരീക്ഷിച്ച് വരികയാണെന്ന് ഡി ജി സി എ തലവന്‍ ഇ കെ ഭരത് ഭൂഷന്‍ പറഞ്ഞു. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളില്‍ നിന്ന് രണ്ടുപേര്‍ വീതവും എയര്‍ ഇന്ത്യ, എം ഡി എല്‍ ആര്‍ എന്നിവയില്‍ നിന്ന് ഓരോരുത്തരുമാണ് പിടിയിലായത്. എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് നേടിയ 4,000 പേരെ ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു.

നാല്‍പ്പതോളം ഏവിയേഷന്‍ സ്കൂളുകളാണ് രാജ്യത്തുള്ളത്. വിദഗ്ദ്ധമായ പരിശീലനത്തിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ പലയിടത്തും ഇല്ല. എത്ര മണിക്കൂ‍ര്‍ വിമാനം പറത്തി പരിശീലിച്ചിട്ടുണ്ട് എന്ന കോളത്തില്‍ ചില ഏവിയേഷന്‍ സ്കൂളുകള്‍ കള്ളക്കണക്കുകള്‍ എഴുതിച്ചേര്‍ക്കുന്നതായും തെളിഞ്ഞിട്ടുണ്ടെന്ന് ഭരത് ഭൂഷന്‍ പറഞ്ഞു.

വിദേശ പൈലറ്റുകളെ തെരഞ്ഞെടുക്കുന്നതിനുള്ള നിയമാവലിയും ശക്തമാക്കും. 40 വയസ്സ് കഴിഞ്ഞവര്‍ വര്‍ഷത്തില്‍ രണ്ടു തവണ മെഡിക്കല്‍ ടെസ്‌റ്റിന് വിധേയരാവേണ്ടി വരും. 500 പുതിയ തസ്തികകള്‍ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു പി എസ് സി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്സണല്‍ ട്രെയിനിംഗ് എന്നിവയുമായി ആലോചിച്ചാവും ഇത്. എന്നാണ് നിയമനം പൂര്‍ത്തിയാവാന്‍ മൂന്ന് വര്‍ഷം വരെ കാലതാമസമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക