പ്രതിവര്‍ഷം പത്തു ലക്ഷം രൂപയ്ക്കു മേല്‍ വരുമാനമുള്ളവര്‍ക്ക് ഇനി മുതല്‍ എല്‍ പി ജി സബ്‌സിഡി ലഭിക്കില്ല. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ജനുവരി ഒന്നുമുതല്‍ സബ്സിഡി വേണമെന്നുള്ളവര്‍ 10 ലക്ഷത്തിനുമേല്‍ വരുമാനമില്ലെന്നുള്ള സാക്‍ഷ്യപത്രം സമര്‍പ്പിക്കേണ്ടതാണ്. സബ്സിഡി ഇല്ലാതെ സിലിണ്ടറുകള്‍ വാങ്ങാന്‍ പ്രാപ്തരായവരെ ഒഴിവാക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമാണിത്.
പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയില്‍ 16.35 കോടി എല്‍പിജി ഉപയോക്താക്കളുണ്ട്. സബ്സിഡി വേണ്ടെന്നുവയ്ക്കാന്‍ തയ്യാറുള്ളവര്‍ അങ്ങനെ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ വന്‍ പ്രചരണം നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി അരലക്ഷത്തിലേറെപ്പേരാണ് സബ്സിഡി വേണ്ടെന്നുവച്ചത്.