ഗുജറാത്ത് മുഖ്യമന്ത്രിക്ക് മുന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി വി ആര്‍ കൃഷ്ണയ്യരുടെ വക അഭിനന്ദന പ്രവാഹം. തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍ ലേലത്തില്‍ വിറ്റ് പെണ്‍കുട്ടികളുടെ സാക്ഷരത ഉയര്‍ത്താനുള്ള ‘കന്യകേളവാണി യോജന’ പദ്ധതിക്ക് പണമുണ്ടാക്കുനുള്ള മോഡിയുടെ ശ്രമത്തെ കൃഷ്ണയ്യര്‍ അകമഴിഞ്ഞ് ആശംസിച്ചു.
ജൂലൈ 29 ന് മോഡിക്ക് അയച്ച കത്തിലാണ് കൃഷ്ണയ്യര്‍ മോഡിയെ അകമഴിഞ്ഞ് ആശംസിക്കുന്നത്. “എത്രയും പ്രിയപ്പെട്ട മോഡി....” എന്ന് ആരംഭിക്കുന്ന കത്തില്‍ മോഡി മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് മാതൃകയാണെന്നും പറയുന്നു. സംസ്ഥാനത്ത് സ്ത്രീകളുടെ സാക്ഷരത വര്‍ദ്ധിക്കുന്നതാണ് കൃഷ്ണയ്യരില്‍ മതിപ്പുളവാക്കിയത്.
‘കന്യകേളവാണി യോജന’ പദ്ധതിക്കായി മോഡി 48.76 കോടി രൂപ പ്രത്യേക ഫണ്ടായി കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്‍ഷവും ജൂണില്‍ പെണ്‍കുട്ടികളെ സ്കൂളില്‍ എത്തിക്കാനുള്ള പരിപാടികളില്‍ മന്ത്രിമാര്‍ സജീവമായി പങ്കെടുക്കണം എന്നും അവര്‍ പഠനം നിര്‍ത്തി പോകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2001 നവംബര്‍ മുതല്‍ ലഭിച്ച 7994 സമ്മാനങ്ങള്‍ വിറ്റഴിച്ചതിലൂടെ മോഡി 42,944 വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസ ചെലവ് വഹിച്ചു. തനിക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ എല്ലാ വര്‍ഷവും വിറ്റഴിച്ച് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാനാണ് മോഡി തീരുമാനിച്ചിരിക്കുന്നത്.
2002 ല്‍ ജസ്റ്റിസ് സാവന്തും കൃഷ്ണയ്യരും മോഡിക്ക് എഴുതിയ കത്തില്‍ കടുത്ത ഗുജറാത്ത് കലാപത്തെ കുറിച്ച് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്തായാലും മോഡിക്ക് കൃഷ്ണയ്യരില്‍ നിന്ന് ലഭിച്ച അഭിനന്ദനം ഇടതുപക്ഷത്തെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.