“മനുഷ്യത്വപരമായ നടപടി രഹസ്യമായി ചെയ്യുന്നതെന്തിന്?” - സുഷമയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
ബുധന്‍, 12 ഓഗസ്റ്റ് 2015 (18:23 IST)
മനുഷ്യത്വപരമായ നടപടി രഹസ്യമായി ചെയ്ത ആദ്യത്തെ വ്യക്തി സുഷമ സ്വരാജായിരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുഷമ ചെയ്ത ഈ നടപടിയെ എങ്ങനെ മനുഷ്യത്വമായി കാണാനാകുമെന്നും രാഹുല്‍ പാര്‍ലമെന്‍റില്‍ ചോദിച്ചു.
കോണ്‍ഗ്രസിനെ ആക്രമിച്ചുകൊണ്ട് സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കിക്കൊണ്ട് രാഹുല്‍ നടത്തിയ പ്രസംഗത്തിനൊടുവില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇടതുപക്ഷവും സഭ ബഹിഷ്കരിച്ചു.
കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. കള്ളപ്പണത്തിന്‍റെ പ്രതീക്ഷമാണ് ലളിത് മോഡി. അദ്ദേഹത്തിനായി മനുഷ്യത്വപരമായ നടപടി സ്വീകരിച്ചു എന്നാണ് സുഷമ സ്വരാജ് പറയുന്നത്. അതെന്തിനാണ് രഹസ്യമായി ചെയ്യുന്നത്? - രാഹുല്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലോക്സഭയിലിരിക്കാന്‍ ധൈര്യമില്ലെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെല്ലാം മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി തള്ളിക്കളഞ്ഞു.
തന്‍റെ ഭര്‍ത്താവോ മകളോ ലളിത് മോഡിയില്‍ നിന്ന് ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയായിരുന്ന പി ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, ലളിത് മോഡിയില്‍ നിന്ന് ഒരുകോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും സുഷമ ആരോപിച്ചു.
തന്‍റെ ഭര്‍ത്താവ് ഒരുസമയത്തും ലളിത് മോഡിയുടെ അഭിഭാഷകനായിരുന്നിട്ടില്ല. ഭര്‍ത്താവോ മകളോ ഒരു രൂപ പോലും ലളിത് മോഡിയില്‍ നിന്ന് വാങ്ങിയിട്ടില്ല. എന്നാല്‍ നളിനി ചിദംബരം പണം വാങ്ങിയിട്ടുണ്ട് - സുഷമ സ്വരാജ് ആരോപിച്ചു.
ഇടയ്ക്കിടയ്ക്ക് അവധി ആഘോഷിക്കാന്‍ വിദേശത്തേയ്ക്ക് പോകുന്ന രാഹുല്‍ അടുത്ത തവണ അവധിക്ക് പോയി തനിച്ചിരിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ ചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തണം. എന്നിട്ട് മടങ്ങിവന്ന് അമ്മയോട് ചോദിക്കണം, ക്വത്‌റോച്ചിയില്‍ നിന്ന് രാജീവ്ഗാന്ധി എത്ര പണം വാങ്ങിയെന്ന്. വാറന്‍ ആന്‍ഡേഴ്‌സനെയും ക്വത്‌റോച്ചിയേയും നാടുകടത്താന്‍ സഹായിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരെ ആരോപണവുമായി വരുന്നത് - സുഷമ പറഞ്ഞു.
യു പി എ ഭരണകാലത്താണ് ഐ പി എല്‍ വിവാദമുണ്ടായത്. അന്ന് ലളിത് മോഡിയെ സംരക്ഷിച്ചത് ആ സര്‍ക്കാരാണ് - സുഷമ പറഞ്ഞു.