“ചര്‍ച്ച നിലയ്ക്കാന്‍ കാരണം പാക്”

ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രാഥമിക ചുറ്റുപാടുകള്‍ ഇല്ലാതാവാന്‍ കാരണം പാകിസ്ഥാന്‍ ആണെന്ന് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. വിദേശകാര്യ മന്ത്രാലയത്തിന്റെ 2008-09 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സ്വന്തം മണ്ണില്‍ നിന്ന് ഇന്ത്യയെ ലക്‍ഷ്യമാക്കി നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇത്തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാകിസ്ഥാന്‍ പറഞ്ഞതോടെ 2004 ല്‍ സമാധാന ചര്‍ച്ചയില്‍ പുരോഗതി നേടിയിരുന്നു. എന്നാല്‍, പ്രതിജ്ഞ പാലിക്കാന്‍ പാകിസ്ഥാന് കഴിയാതെ വന്നതോടെ ചര്‍ച്ചകള്‍ക്കുള്ള പ്രാഥമിക ചുറ്റുപാടുകള്‍ ഇല്ലാതാവുകയായിരുന്നു.

2008 ലെ ഭീകരാക്രമണങ്ങളും കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ നടന്ന ആക്രമണവും അതിര്‍ത്തിയില്‍ നടന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഇന്ത്യ-പാക് ബന്ധം വഷളാക്കി.

മുംബൈ ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിന് പാകിസ്ഥാന്‍ സഹകരണം പ്രഖ്യാപിച്ചു എങ്കിലും യഥാര്‍ത്ഥത്തില്‍ ഉണ്ടായ പ്രതികരണം തികച്ചും നിരാശാജനകം ആയിരുന്നു എന്നും അത് ഇന്തോ-പാക് ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണത്തെ കുറിച്ച് പാകിസ്ഥാന്‍ ആവശ്യപ്പെട്ട തെളിവുകള്‍ ഇന്ത്യ കൈമാറുകയും ചെയ്തു.

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന്റെ സഹകരണം ഉറപ്പു വരുത്താന്‍ ഉഭയകക്ഷി തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ ശ്രമം നടത്തി. ഇതിന്റെ ഫലമായി ലഷ്കര്‍-ഇ-തൊയ്ബ, ജമാത്ത്-ഉദ്-ദവ എന്നിവയെ ഭീകര സംഘടനകളായി യു എന്‍ പ്രഖ്യാപിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക