‘വീണ്ടും വരണം’ - രാജീവിന് വിട നല്കി രാജ്യസഭ പറഞ്ഞു

വ്യാഴം, 23 ഏപ്രില്‍ 2015 (15:46 IST)
രാജ്യസഭയിലേക്ക് പി രാജീവിനെ വീണ്ടും എത്തിക്കണമെന്ന് രാഷ്‌ട്രീയ - കക്ഷി ഭേദമന്യേ ആവശ്യം. കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം സി പി എം ജനറല്‍ സെക്രട്ടറിയും രാജ്യസഭ അംഗവുമായ സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടു. 
 
രാജ്യസഭ അംഗങ്ങളായിരുന്ന പി രാജീവ്, എം പി അച്യുതന്‍ എന്നിവര്‍ക്ക് നല്കിയ യാത്രയയപ്പ് വേളയിലായിരുന്നു നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട്. കാലാവധി കഴിഞ്ഞതിനാല്‍ പി രാജീവിനെയും എം പി അച്യുതനെയും സന്ദര്‍ശക ഗ്യാലറയില്‍ ഇരുത്തിയാണ് രാജ്യസഭ ഇരുവര്‍ക്കും യാത്രയയപ്പ് നല്കിയത്. 
 
രാജീവിനെ പോലെ മികച്ച പാര്‍ലമെന്റേറിയനെ സഭയിലേക്ക് മടക്കി കൊണ്ടു വരണമെന്ന് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ആണ് ആദ്യം ആവശ്യപ്പെട്ടത്. ഗുലാംനബി ആസാദ്, മായാവതി, ശരദ് യാദവ്, ഡെറിക് ഒബ്രിയന്‍ എന്നിവര്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. രാജ്യസഭ ചട്ടങ്ങളുടെ എന്‍ സൈക്ലോപീഡിയ ആണ് രാജീവ് എന്ന് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു. 
 
രാജീവിനെ മടക്കി കൊണ്ടുവരുന്ന കാര്യം ആലോചിക്കാമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടി ഇപ്പോള്‍ പ്രധാനപ്പെട്ട ചുമതലയാണ് രാജീവിന് നല്കിയിരിക്കുന്നതെങ്കിലും സഭയുടെ വികാരം പരിഗണിക്കാമെന്ന് യെച്ചൂരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക