‘വിശ്വരൂപം‘ വിലക്ക്: സുപ്രീംകോടതിയിലേക്ക് ഇല്ലെന്ന് കമലഹാസന്‍

വ്യാഴം, 31 ജനുവരി 2013 (12:39 IST)
PRO
PRO
ആഗോള ഭീകരവാദം പ്രമേയമാക്കി കമലഹാസന്‍ ഒരുക്കിയ ‘വിശ്വരൂപം’ നിരോധിച്ചതിനെതിരെ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ കമലഹാസന്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കുന്ന സാഹചര്യത്തില്‍ സിനിമാട്ടോഗ്രാഫി ആക്ടില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അലോചിക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനം ഇക്കാരണത്താലാണ് കമലഹാസന്‍ മാറ്റിയത് എന്നാണ് സൂചന. 1952ലെ സിനിമാട്ടോഗ്രാഫി ആക്ട് ഭേദഗതി ചെയ്യാന്‍സര്‍ക്കാര്‍ ആലോചിക്കുന്ന വിവരം വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരിയാണ് അറിയിച്ചത്.

ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചു എന്ന് കമലഹാസന്‍ പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ തല്‍ക്കാലം സുപ്രീംകോടതിയിലേക്ക് ഇല്ല- അദ്ദേഹം അറിയിച്ചു.

മതേതര ഇടം ഇല്ലെങ്കില്‍ തനിക്ക് ഇന്ത്യ വിടേണ്ടിവരും എന്ന് കമലഹാസന്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു‍. താന്‍ ഒരു രാഷ്ട്രീയക്കളിയുടെ ഇരയായി മാറുകയായിരുന്നു എന്നു അദ്ദേഹം പറഞ്ഞു. മതേതര ഇടം ഇല്ലെങ്കില്‍ തനിക്ക് എം എഫ് ഹുസൈനെപ്പോലെ രാജ്യം വിട്ടുപോകേണ്ടിവരും. താന്‍ പുറത്തുപോകണം എന്ന് തമിഴകം ആഗ്രഹിക്കുന്നതായി തോന്നുന്നു എന്നു അദ്ദേഹം പറഞ്ഞു.

മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കമലഹാസന്‍ ചിത്രമായ വിശ്വരൂപത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി നീക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കോടതി ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കി.

95 കോടി മുടക്കി നിര്‍മ്മിച്ച വിശ്വരൂപം ജനുവരി 25-നാണ് റിലീസിംഗ് തീരുമാനിച്ചിരുന്നത്. ഇസ്ലാമിനെ വ്രണപ്പെടുത്തുന്ന ചിത്രമാണ് വിശ്വരൂപം എന്ന ചില മുസ്ലിം സംഘടനകളുടെ ആരോപണമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്.

വെബ്ദുനിയ വായിക്കുക