‘വിശ്വരൂപം‘ പ്രദര്‍ശിപ്പിക്കാം എന്ന് കോടതി; തമിഴ്നാട് അപ്പീല്‍ നല്‍കി
ബുധന്‍, 30 ജനുവരി 2013 (09:50 IST)
PRO
PRO
കമലഹാസന്റെ ബിഗ് ബജറ്റ് ത്രില്ലര്‍ ‘വിശ്വരൂപം‘ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. എന്നാല്‍ ഇതിനെതിനെ തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ കോടതി ബുധനാഴ്ച പരിഗണിക്കും. ഇതോടെ ‘വിശ്വരൂപം‘ എന്ന് പ്രദര്‍ശനത്തിനെത്തും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
95 കോടി മുടക്കി നിര്‍മ്മിച്ച ‘വിശ്വരൂപം‘ മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചത്. ഇസ്ലാമിനെ വൃണപ്പെടുത്തുന്നതാണ് ചിത്രം എന്ന ആരോപണത്തെ തുടര്‍ന്നാണിത്. രണ്ടാഴ്ചത്തേക്ക് ചിത്രം നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കമലഹാസനാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ കണ്ട ശേഷം ജസ്റ്റിസ് ജെ വെങ്കിട്ടരാമന്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുകയായിരുന്നു.
ചിത്രത്തിന്റെ ഒരു മണിക്കൂറോളം വരുന്ന ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളഞ്ഞാല്‍ ‘വിശ്വരൂപം’ പ്രദര്‍ശിപ്പിക്കാം എന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ കമലഹാസനോട് പറഞ്ഞിരുന്നു.