‘എഎപിക്ക് ഒരു കോടി നല്കാം; സഹോദരനെ തിരിച്ചുതരുമോ’ - ഗജേന്ദ്രയുടെ സഹോദരന്‍

Webdunia
വെള്ളി, 24 ഏപ്രില്‍ 2015 (11:19 IST)
ആം ആദ്‌മി പാര്‍ട്ടിക്ക് ഒരു കോടി നല്കിയാല്‍ തന്റെ സഹോദരനെ തിരിച്ചു നല്കുമോ എന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്ര സിംഗിന്റെ സഹോദരന്‍ ദേവേന്ദ്ര സിംഗ്. ജയ്‌പുരില്‍ മാധ്യമങ്ങളോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിംഗിന്റെ കുടുംബത്തിന് ആം ആദ്‌മി പാര്‍ട്ടി പത്തു ലക്ഷം രൂപ നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്തതിനെ തള്ളിക്കൊണ്ടാണ് ദേവേന്ദ്ര സിംഗ് ഇങ്ങനെ പറഞ്ഞത്.
 
രാജസ്ഥാനിലെ ബാനെ സിംഗ് എന്നയാളിന്റെ എട്ടുമക്കളില്‍ ഒരാളാണ് ഗജേന്ദ്ര സിംഗ്. അഞ്ചു പെണ്‍മക്കളും മൂന്നു ആണ്‍ മക്കളും. ബനെ സിംഗിന് ആകെയുണ്ടായിരുന്ന 17 ബിഗ സ്ഥലത്ത് 4.3 ബിഗ സ്ഥലമാണ് ഗജേന്ദ്ര സിംഗിന് ഭാഗിച്ചു നല്കിയിട്ടുള്ളത്. ഇവിടെ, ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമാണ് ഗജേന്ദ്ര സിംഗിന്റെ താമസം. 
 
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും ഒന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളുമാണ് ഗജേന്ദ്രയുടെ മക്കള്‍. തന്റെ അച്‌ഛന്‍ ഒരിക്കലും ആത്‌മഹത്യ ചെയ്യില്ലെന്നും പൊലീസ് കണ്ടെടുത്ത ആത്‌മഹത്യാക്കുറിപ്പ് തന്റെ അച്‌ഛന്റേതല്ലെന്നും മകള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 
അതേസമയം, രാഷ്‌ട്രീയത്തില്‍ ഗജേന്ദ്ര സിംഗ് തല്പരനായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടികളില്‍. നേരത്തെ, കോണ്‍ഗ്രസിനും ബി ജെ പിക്കും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഗജേന്ദ്ര സിംഗ് രണ്ട് പാര്‍ട്ടികളുടെയും പ്രവര്‍ത്തനങ്ങളില്‍ നിരാശനായാണ് എ എ പിക്ക് ഒപ്പം ചേര്‍ന്നത്. അതുകൊണ്ടു തന്നെ ഒരു പക്ഷേ, എ എ പി നേതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആയിരിക്കും ഗജേന്ദ്ര സിംഗ് ആത്മഹത്യാശ്രമം നടത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.