‘അബദ്ധ പട്ടിക’ പിന്‍‌വലിക്കില്ലെന്ന് സര്‍ക്കാര്‍!

വെള്ളി, 20 മെയ് 2011 (12:31 IST)
PTI
മാര്‍ച്ചില്‍ നടന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയ 50 പിടികിട്ടാപ്പുള്ളികളുടെ പട്ടിക പിന്‍‌വലിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാന് നല്‍കിയ 50 പേരുടെ പട്ടികയില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്നും ഒരാള്‍ ജീവനോടെയില്ല എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഴുവന്‍ പട്ടികയും പുനരവലോകനം ചെയ്യുകയാണ്. എന്നാല്‍, പാകിസ്ഥാനില്‍ നിന്ന് പട്ടിക തിരികെ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി യു കെ ബന്‍സാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പട്ടികയിലെ പിഴവിന് ഉത്തരവാദികളെ കണ്ടെത്തി എന്നും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്നും ബന്‍‌സാല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പാകിസ്ഥാന് കൈമാറിയ പട്ടികയില്‍ താനെയില്‍ താമസിക്കുന്ന വസ്ഉല്‍ ഖമര്‍ ഖാന്‍ എന്ന സാരി വ്യാപാരിയുടെ പേരും മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഷീദ് ഖാന്‍ എന്ന സ്ഫോടന കേസ് പ്രതിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇതുകൂടാതെ, പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹുജി നേതാവ് മൊഹമ്മദ് അബ്ദുള്‍ ഷഹീദ് ജീവിച്ചിരുപ്പില്ല എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പട്ടികയില്‍ ഗുരുതരമായ തെറ്റുകള്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് സിബിഐ ഒരു ഇന്‍‌സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യുകയും ഒരു എസ്പിയെയും ഡിവൈ‌എസ്‌പിയെയും സ്ഥലം‌മാറ്റുകയും ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക