ഹൈദരാബാദ് സർവകലാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന രോഹിത് വെമുലയുടെ സ്തൂപം പൊളിച്ചുമാറ്റണമെന്ന് വൈസ്ചാൻസലർ ഡോ അപ്പറാവു. സര്‍വകലാശാലയില്‍ ഇത്തരമൊരു കീഴ്വഴക്കം ഇല്ലെന്നും അതുകൊണ്ടുതന്നെ അനധികൃതമായി നിർമിച്ച സ്തൂഭം മാറ്റണം എന്നും ആരോപിച്ചാണ് സ്തൂപം പൊളിച്ചുമാറ്റാൻ നീക്കം തുടങ്ങിയത്. രോഹിത് വെമുലയുടെ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ വാക്കുകൾ, അർധകായ പ്രതിമകൾ എന്നിവ ചേർന്നതാണ് സ്മാരകം.
ഈ മാസം 24 ന് ചേർന്ന സർവകലാശാല എക്സിക്യൂട്ടീവിലാണ് ഇതു സംബന്ധിച്ച നിർദേശം ഉയർന്നത്. അടിയന്തര നടപടിയുണ്ടാവില്ലെന്നും ആദ്യം നോട്ടീസ് നൽകിയിട്ടായിരിക്കും അനധികൃത നിർമാണങ്ങൾ തകർക്കുകയെന്നും വിസി അറിയിച്ചു. ‘വെളിവാഡ’ എന്ന പേരിലാണ് രോഹിത് വെമുല സ്മാരകം അറിയപ്പെടുന്നത്. ആത്മഹത്യക്ക് മുമ്പ് തന്റെ സസ്പെൻഷൻ നടപടിക്കെതിരെ രോഹിത് പ്രതിഷേധം നടത്തിയ സ്ഥലമാണ് ഇവിടം.
അതേസമയം, സ്മാരകം തകർത്താൽ പ്രതിഷേധം രാജ്യം മുഴുവൻ വ്യാപിക്കുമെന്ന് രോഹിത് വെമുലയുടെ സുഹൃത്ത് പറഞ്ഞു. ജാതി വിവേചനത്തിനെതിരെയുള്ള സമരത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥലമാണ് ‘വെളിവാഡ’യെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു.
ആരോപണവിധേയനായ അപ്പറാവു വീണ്ടും വൈസ് ചാൻസലർ ചുമതല ഏറ്റെടുത്തതിനേത്തുടര്ന്ന് സർവകലാശാലയിൽ പ്രക്ഷോഭം ശക്തമായിരുന്നു. വിസിയെ തടഞ്ഞുവെച്ചതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കാരണം വ്യക്തമാക്കാതെ അവധിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് വിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.