സിക്കിമില്‍ ഇന്ത്യ-ചൈന അതിര്‍ത്തിക്കടുത്ത് ഇന്ത്യയുടെ ഒരു ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്റര്‍ വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു. ഗുവാഹട്ടിയില്‍ ഒരു പവന്സ് ഹാന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 17 പേര് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അടുത്ത ദുരന്തവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ശിവമന്ദിര്‍ പ്രദേശത്തെ വനമേഖലയില്‍ നിന്നാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരില്‍ ഒരു മേജറും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഒരു നോണ്‍ കമ്മീഷണ്‍ഡ് ഓഫീസറും ഉള്‍പ്പെടും. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണം. എന്നാല്‍, അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സൈന്യം അറിയിച്ചു.
വ്യാഴാഴ്ച പതിവ് പരിശീലപ്പറക്കലിന്റെ ഭാഗമായി സിലിഗുരിയിലെ സൈനിക ബെയ്സില്‍ നിന്ന് മറ്റൊരു ധ്രുവ് ഹെലികോപ്റ്ററിനൊപ്പമാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററും യാത്ര പുറപ്പെട്ടത്. ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും വ്യാഴാഴ്ച രാത്രി വരെ ഹെലികോപ്റ്ററിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹെലികോപ്റ്ററാണ് ധ്രുവ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അഞ്ചു തവണ ഇത്തരം ഹെലികോപ്റ്ററുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.