ഹനുമന്തപ്പയുടെ മകളും രാജ്യത്തിന് കാവലാളാകും!

Webdunia
വെള്ളി, 26 ഫെബ്രുവരി 2016 (21:06 IST)
വീരചരമം വരിച്ച ഇന്ത്യയുടെ ധീരജവാന്‍ ഹനുമന്തപ്പയുടെ മകള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുമെന്ന് ഹനുമന്തപ്പയുടെ വിധവ. ഭാവിയില്‍ മക‌ളെ പട്ടാളത്തില്‍ ചേര്‍ക്കുമെന്ന് ഹനുമന്തപ്പയുടെ വിധവ മഹാദേവി അശോക് അറിയിച്ചു. മരിച്ച ജവാന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കുന്ന ചടങ്ങില്‍ മഹാദേവി തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചനാണ് മഹാദേവിക്ക് ചെക്ക് കൈമാറിയത്.
 
തനിക്കൊരു മകനില്ലെങ്കിലും തന്റെ മകളെ ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ക്കുമെന്നും അവള്‍ പിതാവിന്റെ അഭിമാനം നിലനിര്‍ത്തി ശക്തയായ പട്ടാളക്കാരി ആകുമെന്നും മഹാദേവി അറിയിച്ചു. മഹാദേവിയുടെ ഈ തീരുമാനത്തെ ജവാന്റെ മാതാവ് അഭിനന്ദിച്ചു.
 
ഭാരതത്തിന്റെ അഭിമാനമായ ഹനുമന്തപ്പ മരണത്തിന്റെ മഞ്ഞുപാളികള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെട്ട് വന്നെങ്കിലും പിന്നീട് മരണത്തിലേക്കുതന്നെ മടങ്ങിപ്പോകുകയായിരുന്നു. അദ്ദേഹത്തിന്‍റെ ജീവനുവേണ്ടി രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയുമുണ്ടായിരുന്നു.
 
ഫെബ്രുവരി 11നാണ് ഹനുമന്തപ്പ മരണത്തിന് കീഴടങ്ങിയത്. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ ബെത്താദു‌ര്‍ സ്വദേശിയാണ് ഹനുമന്തപ്പ.