സ്റ്റാലിന്‍ മരിക്കുമെന്ന് അഴഗിരി പറഞ്ഞു; പിതാവായ ഞാന്‍ അതെങ്ങനെ താങ്ങും? - കരുണാനിധി
ചൊവ്വ, 28 ജനുവരി 2014 (14:23 IST)
PTI
PTI
മകന്‍ എംകെ അഴഗിരിയെ ഉടന്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന് സൂചന നല്‍കി അദ്ദേഹത്തിന്റെ പിതാവും ഡി എം കെ അധ്യക്ഷനുമായ എം കരുണാനിധി. സഹോദരന്‍ സ്റ്റാലിനെതിരെ അഴഗിരി ‘ക്രൂരമായ വാക്കുകള്‍’ ഉപയോഗിച്ചതായും കരുണാനിധി വെളിപ്പെടുത്തി. അച്ചടക്കമില്ലായ്‌മയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ പേരിലാണ് അഴഗിരിയെ കഴിഞ്ഞ ആഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നേരത്തെ കരുണാനിധിയുടെ പിന്‍ഗാമിയായി അഴഗിരി സ്വയം പ്രഖ്യാപിച്ചിരുന്നു.
അഴഗിരിയെ പുറത്താക്കിയതിന്റെ കാരണം വിശദീകരിച്ച കരുണാനിധി വികാരാധീനനായി. “സ്റ്റാലിന്‍ കുറച്ചു മാസങ്ങള്‍ക്കകം മരിക്കും എന്നുവരെ അവന്‍ പറഞ്ഞു. ഒരു പിതാവിന് അതെങ്ങനെ താങ്ങാന്‍ കഴിയും? സ്റ്റാലിനോട് അഴഗിരിയ്ക്ക് ഇത്രയും പക തോന്നുന്നതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല” - കരുണാനിധി പറഞ്ഞു.
ഡിഎംകെയില്‍ ജനാധിപത്യമില്ലെന്നായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനോട് അഴഗിരി പ്രതികരിച്ചത്. ഡിഎംകെ അധ്യക്ഷനെ ആരൊക്കൊയോ ചേര്‍ന്ന ഭീഷണിപ്പെടുത്തി ഭരണ നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കുകയാണെന്നും അഴഗിരി ആരോപിച്ചിരുന്നു.