സ്റ്റാലിന്‍റെ അറസ്റ്റ്: ജയ പ്രതികാരം ചെയ്യുന്നെന്ന് കരുണാനിധി

ശനി, 30 ജൂലൈ 2011 (18:28 IST)
PTI
തന്‍റെ മകനും തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി രംഗത്തെത്തി. മുഖ്യമന്ത്രി ജയലളിതയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്‌ സ്റ്റാലിന്‍റെ അറസ്റ്റെന്ന്‌ കരുണാനിധി ആരോപിച്ചു.

ഡി എം കെ നേതാക്കളെ ജയലളിത സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണ്‌. ഇതിനെതിരേ ഓഗസ്റ്റ്‌ ഒന്നിന് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധ സമരം നടത്തും - കരുണാനിധി അറിയിച്ചു.

ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത എം കെ സ്റ്റാലിനെ ഉച്ചയ്ക്ക് ശേഷം പൊലീസ് വിട്ടയച്ചു. ഡിഎംകെ നേതാവ് കലൈവാണന്റെ അറസ്റ്റ് തടഞ്ഞതിനെ തുടര്‍ന്നാണ് സ്റ്റാലിനെ തിരുത്തരപ്പുണ്ടായില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒരു വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് കലൈവാണനെ ചോദ്യം ചെയ്യാനെത്തിയത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സ്റ്റാലിന്‍ പൊലീസിനോട് വാറണ്ട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പേരില്‍ സ്റ്റാലിനെ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ഡിഎംകെയുടെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറിയാണ് കലൈവാണന്‍.

തമിഴ്‌നാട്ടില്‍ ഏറെ വിവാദമായ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍, മുന്‍ മന്ത്രിയും ഡി എം കെ നേതാവുമായ അന്‍പഴകനെ പൊലീസ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക