സ്ത്രീയെ മാനഭംഗപ്പെടുത്തുന്നവരും ഗിരിരാജ് സിംഗും ഒരുപോലെ: ‘ഇന്ത്യയുടെ മകള്‍’ സംവിധായിക

Webdunia
വെള്ളി, 3 ഏപ്രില്‍ 2015 (11:43 IST)
സ്ത്രീയെ മാനഭംഗപ്പെടുത്തുന്നവരും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ഒരുപോലെയാണെന്ന് ‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്‍ററി സംവിധായിക ലെസ്‌ലി ഉഡ്‌വിന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെക്കുറിച്ചുള്ള ഗിരിരാജ് സിംഗിന്‍റെ പരാമര്‍ശങ്ങളാണ് ലെസ്‌ലിയെ പ്രകോപിപ്പിച്ചത്.
 
സ്ത്രീകള്‍ക്കെതിരെ ഇത്തരം പരാമര്‍ശം നടത്തുന്ന ഗിരിരാജ് സിംഗിനെപ്പോലുള്ള മന്ത്രിമാരെ പുറത്താക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്യേണ്ടതെന്ന് ലെസ്‌ലി ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെ ഇന്ത്യന്‍ ജനാധിപത്യം എന്തുകൊണ്ടാണ് വച്ചുപൊറുപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ലെസ്‌ലി ഉഡ്‌വിന്‍ അഭിപ്രായപ്പെട്ടു.
 
സോണിയ ഗാന്ധി വെളുത്ത നിറമുള്ള ആളായതുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം അവരെ അംഗീകരിച്ചതെന്നാണ് ഗിരിരാജ് സിംഗ് പറഞ്ഞത്. ഈ പരാമര്‍ശം വന്‍ വിവാദത്തിന് കാരണമായിരിക്കുകയാണ്.