സ്ത്രീയുടെ വയറ്റില്‍ ടവല്‍, ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

വെള്ളി, 25 ജൂണ്‍ 2010 (16:33 IST)
PRO
ശസ്ത്രക്രിയ നടത്തുന്നതിനിടെ അശ്രദ്ധ മൂലം സ്ത്രീയുടെ വയറ്റില്‍ ടവല്‍ നിക്ഷേപിച്ച ഡോക്ടറെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. കാണ്‍പൂരിലെ ശാസ്ത്രി നഗര്‍ സ്വദേശിനിയായ നിര്‍മ്മലാദേവി എന്ന സ്ത്രീക്കാണ് ഡോക്ടറുടെ പിഴവ് മൂലം വിഷമതയനുഭവിക്കേണ്ടി വന്നത്.

ഉര്‍സല ആശുപത്രിയില്‍ പിത്താശയ ശസ്ത്രക്രിയയ്ക്ക് വിധേയയായ നിര്‍മ്മലാദേവിക്ക് രണ്ട് മാസത്തിനു ശേഷം അതികഠിനമായ വയറു വേദന അനുഭവപ്പെടുകയായിരുന്നു. എകെ ശുക്ല എന്ന മുതിര്‍ന്ന ഡോക്ടറായിരുന്നു ഇവരുടെ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ നടത്തിയ ഇടത്ത് അണുബാധയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ ജോഗേന്ദ്ര സിംഗ് എന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ സിടി സ്കാനിംഗിലാണ് വയറിനുള്ളില്‍ എന്തോ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ടവല്‍ കണ്ടെത്തിയത്.

ഡോക്ടര്‍ ശുക്ലയ്ക്ക് എതിരെ അഞ്ചംഗ സമിതി അന്വേഷണം നടത്തുന്നുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സി‌എം‌ഒ അറിയിച്ചു.

വെബ്ദുനിയ വായിക്കുക