കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ആഭ്യാന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ബോംബ് സ്ഫോടനം നടന്ന മഹാബോധി ക്ഷേത്രം സന്ദര്‍ശിച്ചു. എത്രയും വേഗം സര്‍ക്കാര്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ പിടികൂടുമെന്ന് സോണിയ ഗാന്ധിയും, ഷിന്‍ഡെയും അറിയിച്ചു.
കേസിന്റെ എല്ലാ ദിശകളിലും കര്‍ക്കശമായ അന്വേഷണം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ബോധ്‌ഗയയില്‍ സ്ഫോടനത്തിനുശേഷം രാജ്യത്തിന്റെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ കനത്ത സുരക്ഷക്രമീകരണങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നടത്തിയിട്ടുണ്ടെന്ന് ഷിന്‍ഡെ അറിയിച്ചു. മഹാരാഷ്ട്രയിലെയും ആന്ധ്രാപ്രദേശിലെയും തീവ്രവാദ വിരുദ്ധ ഏജന്‍സി അംഗങ്ങള്‍ എന്‍ഐഎയോട് ചേര്‍ന്നിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.
ബോധ്‌ഗയയില്‍ നടന്ന സ്ഫോടന പരമ്പരയുടെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായും ഷിന്‍ഡെ അറിയിച്ചു. അന്വേഷണ ചുമതല എന്‍ഐഎയെ ഏല്‍പ്പിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് കരുതുന്നു.
ഞായറാഴ്ച ബോധഗയയില്‍ ഒന്‍പതു ബോംബുകളാണ് പൊട്ടിത്തെറിച്ചത്. മൂന്നു ബോംബുകള്‍ പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം.
സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ മുജാഹീദ്ദീനാണെന്ന് കരുതുന്നു. ഹൈദരാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ തീവ്രവാദികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇന്ത്യന്‍ മുജാഹീദ്ദിന്‍ ബുദ്ധഗയ ലക്ഷ്യമിട്ടിരുന്നതായി ഡല്‍ഹി പൊലീസിന് സൂചന കിട്ടിയിരുന്നു. ഇന്ത്യന്‍ മുജാഹീദ്ദീന്റെ അടുത്ത ലക്ഷ്യം ഡല്‍ഹിയും മുംബൈയുമാണെന്നാണ് സൂചന.
ക്ഷേത്രത്തിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിരുന്നു. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്‍ഐഎയെ ഏല്‍പ്പിക്കുന്നതുമൂലം കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.