സോണിയയുടെ 15 വര്‍ഷങ്ങള്‍: വിമര്‍ശനവുമായി ബി ജെ പി

വെള്ളി, 15 മാര്‍ച്ച് 2013 (11:14 IST)
PRO
PRO
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് അധ്യക്ഷ പദവി മറ്റാര്‍ക്കും വിട്ടു നല്‍കാത്ത സോണിയാഗാന്ധിക്കെതിരെ ബി ജെ പിയുടെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന് ബി ജെ പി വക്‌താവ് ഷാനവാസ് ഹുസൈന്‍ കുറ്റപ്പെടുത്തി. സോണിയാ ഗാന്ധിയ്‌ക്കെതിരേ മത്സരം ഉണ്ടാകാറില്ല. അവര്‍ക്ക് ഇഷ്‌ടമുള്ള കാലത്തോളം അധ്യക്ഷ സ്ഥാനത്ത് തുടരാമെന്ന നിലയാണ് കാര്യങ്ങളെന്നും ഷാനവാസ് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

സോണിയയുടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ നൂറു കണക്കിന് അഴിമതികളാണ് രാഷ്ട്രത്തിന് സംഭാവന നല്‍കിയതെന്ന് ഷാനവാസ് ഹുസൈന്‍ ആരോപിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്നും ഷാനവാസ് ഹുസൈന്‍ ആരോപിച്ചു.

1998-ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പാണു സോണിയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവശിക്കുന്നത്. അതേവര്‍ഷം തന്നെ സോണിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുക്കുകയും 1999-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പതിമൂന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഇതുവരെയായി സോണിയഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ആര്‍ക്കും വിട്ടു നല്‍കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക