സൊറാബുദ്ദീന്‍ കേസ്: സിബിഐ അന്വേഷണത്തിന് ഉത്തരവ്

ചൊവ്വ, 12 ജനുവരി 2010 (12:48 IST)
PRO
ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ സൊറാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൌസര്‍ബി, സുഹൃത്ത് തുള്‍സിറാം പ്രജാപതി എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. തരുണ്‍ ചാറ്റര്‍ജി, അഫ്താബ് ആലം എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. സംസ്ഥാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി നിയമിച്ച കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് സി ബി ഐക്ക് വിടാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

സൊറാബുദ്ദീന്‍റെ സഹോദരന്‍ റുബാബുദ്ദീന്‍ ഷെയ്ഖ് ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന് അയച്ച കത്ത് പൊതു താല്പര്യ ഹര്‍ജിയായി സുപ്രീം കോടതി പരിഗണിച്ചതോടെയാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഗുജറാത്ത് പൊലീസ് പ്രതിക്കൂട്ടിലായത്. കേസിന്‍റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് റുബാബുദ്ദീന്‍ നേരത്തെ ആരോപിച്ചിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഐ പി എസ് ഓഫീസര്‍മാരടക്കം 14 പൊലീസുകാരാണ് കേസിലെ കുറ്റാരോപിതര്‍. കേസിലുള്‍പ്പെട്ട ഐപി‌എസ് ഉദ്യോഗസ്ഥരായ ഇന്‍സ്പെക്ടര്‍ ജനറല്‍ ഡി ജി വന്‍സാര, എസ് പി രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ നേരത്തെ സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസില്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത് വരുത്തിത്തീര്‍ക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള കോടതി വിധി. 2005 നവംബര്‍ 25ന് അഹമ്മദാബാദിലായിരുന്നു കേസിനാസ്പദമായ സംഭവം.

സൊറാബുദ്ദീന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ട തീവ്രവാദിയാണെന്നും തീവ്രവാദ സ്ക്വാഡുമായുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്‍റെ വാദം. വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് പൊലീസുകാര്‍ക്കെതിരെ 2007ല്‍ റിപ്പോര്‍ട്ട് നല്‍കിയ ഡി ഐ ജി ഗീത ജോഹ്‌രിയെ സര്‍ക്കാര്‍ തത്സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക