ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളെന്നാരോപിച്ച് സിറിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യാക്കാരെ മോചിപ്പിച്ചുവെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഐ എസ് അനുഭാവികളെന്ന് ആരോപിച്ച് തടവിലാക്കപ്പെട്ട നാല് ഇന്ത്യൻ പൗരന്മാരെയാണ് മോചിപ്പിച്ചതെന്ന് മന്ത്രി തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ എത്തിയവരെന്ന് ആരോപിച്ച് കുല്‍ദീപ് സിംഗ്, കുല്‍ദീപ് സിംഗ്, സര്‍വജിത് സിംഗ്, അരുണ്‍ കുമാര്‍ എന്നീ ഇന്ത്യൻ പൗരൻമാരെയാണ് സിറിയൻ ഭരണകൂടം അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെയായിരുന്നു ഇവർ സിറിയയിൽ എത്തിയത്. ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സിറിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ച വേളയിൽ തടവിലാക്കപ്പെട്ട പൗരന്മാരുടെ മോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് സഹകരിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു. മോചിപ്പിക്കപ്പെട്ട പൗരന്മാരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും മന്ത്രി ട്വീറ്റ് ചെയ്തു.