സിബിഐയെ സ്വതന്ത്രമാക്കില്ല!

തിങ്കള്‍, 3 ജൂണ്‍ 2013 (14:03 IST)
PRO
PRO
സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി സിബിഐ മാറ്റാനുള്ള സാധ്യത മങ്ങുന്നതായി റിപ്പോര്‍ട്ട്. സിബിഐയെ സ്വതന്ത്രമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാസമിതി സിബിഐയെ നിയന്ത്രിക്കുന്ന നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകാത്തതാണ് കാരണം. അതേസമയം സിബിഐക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കാന്‍ മന്ത്രിസഭാസമിതി തീരുമാനമായി.

പ്രത്യേക സ്ഥാപന നിയമപ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. സിബിഐയെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കുന്നതിനായി ഈ നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള സാധ്യതകളാണ് മന്ത്രിസഭാ ഉപസമിതി കഴിഞ്ഞ രണ്ട് യോഗങ്ങളിലായി ചര്‍ച്ച ചെയ്തത്. ഡയറക്ടറുള്‍പ്പടെയുള്ളവരുടെ നിയമനവും സിബിഐയുടെ ഘടനയും തീരുമാനിക്കാനും ഈ നിയമത്തിലൂടെ കേന്ദ്രസര്‍ക്കാറിന് കഴിയും. അതുകൊണ്ട് തന്നെ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ അത് സിബിഐയുടെ അന്വേഷണ പരിധിയുള്‍പ്പടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍.

പി ചിദംബരം അദ്ധ്യക്ഷനായി മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങളെ കൂടാതെ യോഗങ്ങളില്‍ പങ്കെടുത്ത അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍പതിയും ഇതേ അഭിപ്രായമാണ് പങ്ക് വച്ചത്. സുപ്രീംകോടതിയില്‍ സി.ബി.ഐയെ സ്വതന്ത്രമാക്കുന്നത് സംബന്ധിച്ച് നല്‍കേണ്ട മറുപടിയില്‍ ഏജന്‍സികളുടെ ചുമതല തീരുമാനിക്കുന്നത് സര്‍ക്കാരുകളുടെ അധികാരമാണെന്ന നിലപാടാകും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക.

വെബ്ദുനിയ വായിക്കുക