സിഗരറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൊലപാതകം!

ചൊവ്വ, 30 നവം‌ബര്‍ 2010 (14:13 IST)
PRO
സിഗരറ്റ് ചോദിച്ചു, നല്‍കിയില്ല. ഉടന്‍ തന്നെ കത്തിയെടുത്ത് കുത്തിക്കൊന്നു. ‘ഇതെന്ത് ലോകം’ എന്ന് അത്ഭുതം കൂറിയേക്കാവുന്ന സംഭവം നടന്നത് ഡല്‍ഹിയിലാണ്. സിഗരറ്റ് ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

സുരാജ്(37) എന്നയാളാണ് നിസാര കാര്യത്തിന് കൊലക്കത്തിക്ക് ഇരയായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍പുരി സ്വദേശിയായ രാകേഷി(20)നെ പൊലീസ് അറസ്റ്റുചെയ്തു.

സുല്‍ത്തന്‍പുരി ജി ബ്ലോക്കിലെ എം സി ഡി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. മരുമകനായ ഓം‌പ്രകാശിനൊപ്പം നടക്കാനിറങ്ങിയതായിരുന്നു സുരാജ്. എം സി ഡി സ്കൂളിന് അടുത്തെത്തിയപ്പോള്‍ അവിടേക്കെത്തിയ രാകേഷ് സുരാജിനോട് സിഗരറ്റ് ചോദിച്ചു. എന്നാല്‍ രാകേഷിന് സിഗരറ്റ് നല്‍കാന്‍ സുരാജ് തയ്യാറായില്ല. പെട്ടെന്ന് പ്രകോപിതനായ രാകേഷ് കൈയില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് സുരാജിനെ കുത്തിവീഴ്ത്തുകയായിരുന്നു.

സുരാജിന്‍റെ മരുമകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രാകേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക