കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ വിമര്‍ശനത്തിന് ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ മറുപടി. തന്റെ ജോലി മറ്റാര്‍ക്കെങ്കിലും തന്നെക്കാള്‍ ഭംഗിയായി ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതില്‍ സന്തോഷമേ ഉള്ളൂ എന്ന് ചിദംബരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ചിദംബരത്തിന്റെ നക്സല്‍ വിരുദ്ധ നയങ്ങള്‍ ഫലവത്തല്ല എന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പരസ്യ വിമര്‍ശനം. ഇക്കാര്യത്തില്‍ പരസ്യമായ ചര്‍ച്ച നടത്തിയതില്‍ തനിക്ക് ഖേദമില്ല എന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നും അടുത്തകാലത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ സിംഗ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിദംബരത്തിന് ചോദ്യങ്ങളെ നേരിടേണ്ടി വന്നത്. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്ന് താന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പറഞ്ഞത് അദ്ദേഹം ആവര്‍ത്തിച്ചു.
അഭിമുഖത്തില്‍, നക്സല്‍ നയങ്ങള്‍ പരാജയമാണെന്ന ദിഗ്‌വിജയ് സിംഗിന്റെ പരാമര്‍ശത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് ചിദംബരം ഇത്തരത്തിലാണ് മറുപടി നല്‍കിയത്- “ദിഗ്‌വിജയ് സിംഗ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ്. എനിക്ക് ഒരു പ്രത്യേക ജോലിയുണ്ട്. അത് നിറവേറ്റാന്‍ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നു. ഈ ജോലി മറ്റാര്‍ക്കെങ്കിലും ഇതിലും ഭംഗിയായി നിറവേറ്റാന്‍ സാധിക്കുമെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും”.