സായി ബാബ പുനരവതരിക്കുന്നത് എവിടെ?

വ്യാഴം, 28 ഏപ്രില്‍ 2011 (19:15 IST)
PTI
സത്യ സായി ബാ‍ബ ദേഹവിയോഗം ചെയ്തതോടെ അടുത്ത അവതാ‍രമായ പ്രേമ സായിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് സായി ഭക്തര്‍. ഇതെ കുറിച്ച് വിവിധ കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മൈസൂരിനടുത്ത് മാണ്ഡ്യ ജില്ലയിലെ ദൊഡ്ഡമാലൂരിലായിരിക്കും സത്യ സായി ബാബ പുനരവതരിക്കുക എന്നതാണ് ഒരു കഥ. ‘ശ്രീ സത്യ സായി - അനന്തസായി’ എന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാ‍യി പറയുന്നുണ്ടത്രേ.

1960 - ല്‍ സത്യ സായി ബാബ ദൊഡ്ഡമാലൂരില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണത്രേ ഗ്രന്ഥകര്‍ത്താവായ സ്വാമിയോട് ഇക്കാര്യം പറഞ്ഞത്. താന്‍ ഷിര്‍ദ്ദി സായിയുടെ രണ്ടാമത്തെ അവതാരമാണെന്നും മൂന്നാമത്തെ അവതാരം പ്രേമ സായി എന്ന പേരില്‍ ദൊഡ്ഡമാലൂരില്‍ ആയിരിക്കുമെന്നും സായി പറഞ്ഞു. സായി ബാബ താന്‍ പുനരവതരിക്കാനിരിക്കുന്ന വീടും ചൂണ്ടിക്കാണിച്ചു എന്നാണ് ഗ്രന്ഥകര്‍ത്താവ് അവകാശപ്പെടുന്നത്.

ദൊഡ്ഡമാലൂര്‍ കണ്വമഹര്‍ഷി തപസ്സ് അനുഷ്ഠിച്ചിരുന്ന സ്ഥലമായിരുന്നു എന്നും മഹര്‍ഷി പുരന്ദരദാസന്‍ ഇവിടുത്തെ വൈഷ്ണവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്നും വിശ്വാസമുണ്ട്. ഇവിടുത്തെ ജലത്തിനും മണ്ണിനും ഔഷധഗുണമുണ്ട് എന്നും കരുതുന്നു.

2023 നു ശേഷം മാത്രമേ ബാബയുടെ പുനരവതാരമുണ്ടാവുകയുള്ളൂ. ബാബയുടെ പി എ ആയിരുന്ന നാരായണ്‍ കസ്തൂരി ഭദ്രാവതി ഗ്രാമത്തിനു സമീപം പുനര്‍ജ്ജനിക്കും. ഇവര്‍ക്ക് ജനിക്കുന്ന പുത്രനായിരിക്കും പ്രേമ സായി. ഇക്കാര്യം നാരായണ്‍ കസ്തൂ‍രി മരിക്കും മുമ്പ് അദ്ദേഹത്തെ സായി ബാബ അറിയിച്ചിരുന്നു എന്നുമാണ് പ്രേമ സായി അവതാരത്തെ കുറിച്ചുള്ള മറ്റൊരു കഥ.

വെബ്ദുനിയ വായിക്കുക