സാധാരണക്കാരുടെ തീൻമേശയിലെ വിഭവം; ‘മോദി’ മത്തിക്ക് പ്രിയമേറുന്നു!

വ്യാഴം, 2 ജൂണ്‍ 2016 (17:19 IST)
സാധാരണക്കാരന്റെ മത്സ്യം എന്നറിയപ്പെടുന്ന ചാള(മത്തി)യ്ക്ക് പുതിയ പേര്. ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഒമാൻ മത്തിയെയാണ് മംഗളൂരു നിവാസികൾ മോദി മത്തിയെന്നു വിശേഷിപ്പിക്കുന്നത്. എങ്ങിനെയാണ് ഇത്തരമൊരുപേര് മത്തിക്ക് വന്നതെന്നാണ് ഏറ്റവും രസകരമായ കാര്യം. 
 
ഗുജറാത്ത് തീരത്തായിരുന്നു ഈ മത്സ്യം ആദ്യം ഇറക്കുമതി ചെയ്തത്. ഒമാനുമായി ഏറ്റവും അടുത്ത ഇന്ത്യൻ തുറമുഖം ഗുജറാത്തിലായതാണ് ഇതിനു കാരണം. കൂടാതെ മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ വര്‍ഷം മുതലാണ് മത്തി വ്യാപകമായി എത്തിത്തുടങ്ങിയത്. അതിനാലാണ് മത്സ്യത്തിന് മോദിയുടെ പേര് ലഭിച്ചത്. 
 
നാട്ടിൽ ലഭിക്കുന്ന മത്തിയെക്കാൾ വലുപ്പമുള്ളതാണ് ഒമാൻ മത്തി. കർണാടകയിലും കേരളത്തിലുമാണ് ഒമാൻ മത്തി കൂടുതലായും വിൽക്കപ്പെടുന്നത്. തുളുവില്‍ മോദി ബൂട്ടായ് എന്നാണ് ഈ മത്തി അറിയപ്പെടുന്നത്
 
സാധാരണക്കാരുടെ തീൻമേശയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് മത്തി. എന്തായാലും പ്രധാനമന്ത്രിയുടെ പേരില്‍ ഉള്ളതായതിനാല്‍ മോദി മത്തിക്ക് മംഗലൂരുവില്‍ പ്രിയമേറുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക