സാഡിസം, 4 വയസ്സുകാരിയെ പൊള്ളിച്ചു!

ശനി, 12 ഫെബ്രുവരി 2011 (10:37 IST)
PRO
തമിഴ്നാട്ടിലെ ട്രിച്ചിക്കടുത്ത് പാഴൂരില്‍ ഒരു നാലു വയസ്സുകാരി പത്തൊമ്പതു വയസ്സുകാരന്റെ പീഡനത്തിരയായി. നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് എല്‍കെജിയില്‍ പഠിക്കുന്ന കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശരീര ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് വെളിപ്പെടുത്തുന്നു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കന്തസാമി ഒരു അശ്ലീല സിനിമ കണ്ട ശേഷം അയല്‍ വീട്ടിലെ കുട്ടിയെ ആരുടെയും കണ്ണില്‍പ്പെടാതെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിച്ച കുട്ടിയുടെ തുടയില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു. ഉറക്കെ കരഞ്ഞ കുട്ടിയുടെ തുടയില്‍ മരുന്ന് പുരട്ടുന്ന വ്യാജേന ഇയാള്‍ ബലാത്സംഗത്തിന് മുതിര്‍ന്നു.

എന്നാല്‍, കുട്ടിയുടെ കരച്ചില്‍ കേട്ട മാതാവ് ഉടന്‍‌തന്നെ കന്തസ്വാമിയുടെ വീട്ടിലെത്തി. വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട ഇവര്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി. അപ്പോഴേക്കും പിന്‍വാതില്‍ വഴി കന്തസ്വാമി രക്ഷപെട്ടിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ അമ്മയും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കന്തസ്വാമിയെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക