സര്‍ക്കാര്‍ പരസ്യത്തില്‍ ഇറ്റലിയുടെ സൈനികവിമാനം!

ബുധന്‍, 13 ഒക്‌ടോബര്‍ 2010 (10:50 IST)
സര്‍ക്കാര്‍ വകുപ്പുകള്‍ അബദ്ധ പരസ്യങ്ങള്‍ നല്‍കുന്നതിലൂടെ അപഹാസ്യമാവുന്നത് തുടരുന്നു. കേന്ദ്ര ആദായ നികുതി വകുപ്പ് നല്‍കിയ പരസ്യത്തില്‍ സൂര്യകിരണ്‍ വിമാനങ്ങള്‍ക്ക് പകരം ഇറ്റലിയുടെ യുദ്ധ വിമാനങ്ങള്‍ ചിത്രീകരിച്ചതാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഉദാഹരണം.

ഇന്ത്യയുടെ സൂര്യകിരണ്‍ ടീം ആകാശത്തില്‍ ത്രിവര്‍ണ പതാക സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സൈന നെഹ്‌വാള്‍ വിജയം ആഘോഷിക്കുന്നതായിരുന്നു ആദായ നികുതി വകുപ്പ് വിഭാവനം ചെയ്ത പരസ്യം. എന്നാല്‍, ദേശീയ പത്രങ്ങളില്‍ വന്ന പരസ്യത്തില്‍ സൂര്യകിരണ്‍ ടീമിന്റെ എച്ച്‌ജെടി - 16 കിരണ്‍ മാര്‍ക്ക് ടു വിമാനങ്ങള്‍ക്ക് പകരം ഇറ്റലിയുടെ എംബി - 3339 ഏര്‍മാച്ചി വിമാനങ്ങളെയാണ് ചിത്രീകരിച്ചത്.

സൂര്യകിരണ്‍ വിമാനങ്ങള്‍ക്ക് പ്രധാനമായും ചുവപ്പ് നിറങ്ങളായതിനാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ വ്യത്യാസം തിരിച്ചറിയാന്‍ കഴിയുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ പറയുന്നു. സൂര്യ കിരണ്‍ വിമാനങ്ങള്‍ ത്രിവര്‍ണ പതാ‍കയുടെ നിറത്തിലുള്ള പുക പുറത്തു വിടുന്നതിന് നേര്‍ വിപരീതമായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്ന വിമാനങ്ങള്‍ മൂവര്‍ണ്ണം പുറത്തുവിടുന്നത്. അതായത്, ദേശീയ പതാക തലതിരിഞ്ഞ രീതിയില്‍.

സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ ‘ഡയറക്ടറേറ്റ് ഓഫ് അഡ്‌വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി’യാണ് പരസ്യം പുറത്തുവിട്ടത്. നേരത്തെ, ദേശീയ ബാലികാ ദിനത്തില്‍ ഇന്ത്യന്‍ നേതാക്കള്‍ക്കൊപ്പം പാകിസ്ഥാന്‍ എയര്‍ഫോഴ്സ് മുന്‍ ഡയറക്ടറുടെ ചിത്രം നല്‍കിയതും ഇത്തരത്തില്‍ ഒരു വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക