സഞ്ജയ് ദത്തിന് മാപ്പുനല്‍കി വിട്ടയക്കണമെന്ന് കട്ജു

വെള്ളി, 22 മാര്‍ച്ച് 2013 (13:13 IST)
PRO
PRO
1993 മുംബൈ സ്ഫോടനക്കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് മാപ്പു നല്‍കണമെന്ന് ആവശ്യം. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആണ് ദത്തിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കത്തയച്ചത്.

മുംബൈ സ്ഫോടനക്കേസില്‍ ദത്തിന്റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അനധികൃതമായി ആയുധം കൈവശം വച്ചെന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. കേസെടുത്തത് മുതല്‍ ദത്ത് നിരവധി പ്രശ്നങ്ങള്‍ നേരിട്ടുകഴിഞ്ഞു. അതിനാല്‍ അദ്ദേഹത്തെ മാപ്പു നല്‍കി വിട്ടയയ്ക്കണമെന്നാണ് കട്ജു കത്തില്‍ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ നൂറ്റിയറുപത്തിയൊന്നാം വകുപ്പ് പ്രകാരം ഗവര്‍ണര്‍ക്ക് ഇതിന് അധികാരമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിന് സുപ്രീംകോടതി അഞ്ച് വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. കേസില്‍ കീഴ്ക്കോടതി ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ സഞ്ജയ് ദത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഒന്നരവര്‍ഷം തടവില്‍ കിടന്ന സഞ്ജയ് ദത്ത് ഇനി മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിയണം.

വെബ്ദുനിയ വായിക്കുക