സംഭാവന ലഭിക്കുന്ന സ്ത്രോതസ് പാര്‍ട്ടികള്‍ വെളിപ്പെടുത്തണം; ദേശീയ പാര്‍ട്ടികള്‍ പ്രതികരണം അറിയിച്ചില്ല

വെള്ളി, 4 ഒക്‌ടോബര്‍ 2013 (15:11 IST)
PRO
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ലഭിക്കുന്ന സ്രോതസ് പൂര്‍ണമായും പരസ്യപ്പെടുത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗരേഖ. മാര്‍ഗരേഖയുടെ കരട് അയച്ചുകൊടുത്തെങ്കിലും ദേശീയ പാര്‍ട്ടികള്‍ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭാവന ചെറുതായാലും വലുതായാലും നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യപ്പെടുത്തേണ്ടിവരും. പാര്‍ട്ടികളുടെ ധനസമാഹരണം സുതാര്യമാക്കുന്നതിനു വേണ്ടിയാണ് സംഭാവനകളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗരേഖ കൊണ്ടുവരുന്നത്.

നിലവില്‍ 20,000 രൂപയില്‍ താഴെ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കേണ്ടതില്ല. കൂപ്പണുകളിലൂടെ സ്വീകരിക്കുന്ന സംഭാവനകളുടെ വിശദാംശങ്ങള്‍ പോലും പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ.

മാര്‍ഗരേഖയുടെ വിശദാംശങ്ങള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അയച്ചുകൊടുത്തെങ്കിലും എഐഎഡിഎംകെയും ത്രിണമൂല്‍ കോണ്‍ഗ്രസ്സും മാത്രമേ ഇതുവരെ പ്രതികരണമറിയിച്ചുള്ളൂ. ദേശീയ പാര്‍ട്ടികള്‍ മറുപടി നല്‍കാത്തതുകൊണ്ട് വീണ്ടും കത്തയച്ച് കാത്തിരിക്കുകയാണ് കമ്മീഷന്‍.

വെബ്ദുനിയ വായിക്കുക