ഷിന്‍ഡെയ്ക്ക് ആഭ്യന്തരം, ചിദംബരത്തിന് ധനകാര്യം

ചൊവ്വ, 31 ജൂലൈ 2012 (21:35 IST)
PTI
കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി വരുന്നു. ആ‍ഭ്യന്തര വകുപ്പ് മന്ത്രി പി ചിദംബരം ധനമന്ത്രിയാകും. ചിദംബരത്തിന് പകരം ആഭ്യന്തരവകുപ്പ് ഊ‍ര്‍ജമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടനുണ്ടാകും.

മാത്രമല്ല പ്രണബ് രാഷ്ട്രപതിയായപ്പോള്‍ ഒഴിവു വന്ന ലോക്സഭാ നേതാവിന്റെ പദവി ഷിന്‍ഡെയ്ക്ക് നല്‍കാനും സാധ്യതയുണ്ട്‌. എ കെ ആന്‍റണി ലോക്സഭാംഗമല്ലാത്തതിനാലാണ് ഷിന്‍ഡെയ്ക്ക് ഈ അവസരം ലഭിക്കുന്നത്.

ധനവകുപ്പ്‌ പ്രധാനമന്ത്രിയുടെ കൈവശം വയ്ക്കുന്നതാണ്‌ നല്ലതെന്നായിരുന്നു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ നിലപാട്. അടുത്ത് തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മാത്രം ഉള്ളപ്പോള്‍ ജനപ്രിയ ബജറ്റുകള്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് യോഗ്യന്‍ എന്ന് സോണിയ വിശ്വസിച്ചിരുന്നു.

എന്നാല്‍ ആഗോളമാന്ദ്യവും രാജ്യത്തെ സാമ്പത്തിക നടപടികള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട കാര്യങ്ങളും പരിഗണിക്കുമ്പോള്‍ സ്വതന്ത്ര ചുമതല ഉള്ള മന്ത്രി ഉണ്ടാകണമെന്ന ആവശ്യത്തിന് മുന്‍‌തൂക്കം ലഭിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക