ശശി തരൂര്‍ ഡല്‍ഹിയിലെത്തി, അന്വേഷണവുമായി ഈ ആഴ്ച തന്നെ സഹകരിച്ചേക്കും

തിങ്കള്‍, 12 ജനുവരി 2015 (09:34 IST)
സുനന്ദയുടെ മരണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കേ ശശി തരൂര്‍ എം പി ഡല്‍ഹിയില്‍ എത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 01.45 ഓടെ ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ തരൂര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മൌനം തന്നെ തുടര്‍ന്നു.
 
തരൂര്‍ ഡല്‍ഹിയില്‍ എത്തിയ സാഹചര്യത്തില്‍ അന്വേഷണവുമായി ഈ ആഴ്ച തന്നെ സഹകരിച്ചേക്കുമെന്നാണ് സൂചനകള്‍ . കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് കേരളത്തിലെ മാധ്യമങ്ങളെ കണ്ട തരൂര്‍ സുനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് പറഞ്ഞിരുന്നു.
 
സൌത്ത് ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ വീട്ടിലാണ് തരൂര്‍ ഇപ്പോള്‍ കഴിയുന്നത്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സിയുടെ വീട് തരൂര്‍ താമസിക്കുന്ന വീടിന് കുറച്ചു വീടുകള്‍ക്ക് അപ്പുറമാണ്. ഈ ആഴ്ച തന്നെ ശശി തരൂര്‍ ചോദ്യം ചെയ്യലിന് വിധേയനായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ .

വെബ്ദുനിയ വായിക്കുക