ശശികല ജയിലിൽ നിന്നും പുറത്തേക്ക്! ചിന്നമ്മയുടെ നീക്കത്തിൽ ഞെട്ടിത്തരിച്ച് ഒപിഎസ്

വ്യാഴം, 4 മെയ് 2017 (12:40 IST)
തമിഴ്നാട്ടിലെ കലങ്ങി മറിഞ്ഞ രാഷ്ട്രീയത്തിന്റെ പശ്ചാത്ത‌ലത്തിൽ അനിശ്ചിതത്വം തുടരവേ അണ്ണാഡിഎംകെയെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. തടവുശിക്ഷ അനുഭവിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികല ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. 
 
അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവുശിക്ഷയ്ക്കു വിധിച്ചതിനെതിരേ സുപ്രീം കോടിതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ശശികല തീരുമാനിച്ചു. ശശികലക്കൊപ്പം ഇതേ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന വി എന്‍ സുധാകരന്‍, ഇളവരശി എന്നിവരും പുനപ്പരിശോധനാ ഹർജിയുമായി കോടതിയെ സമീപിക്കുന്നുണ്ട്.
 
ശശികലയുടെ ഈ നീക്കം ഒ പനീർശെൽവത്തേയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പാണ്. ജയിലില്‍ പോവുന്നതിന് തൊട്ടുമുമ്പ് ശശികല ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില തിരിച്ചുപിടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിനകരൻ കസ്റ്റഡിയിൽ ആയതോടെയാണ് ശശികല ഈ തീരുമാനം എടുത്തതെന്നും പ്രചരിക്കുന്നുണ്ട്.
 
മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ശശികലയെയും കൂട്ടാളികളെയും കോടതി നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചത്. 2016 ഡിസംബര്‍ അഞ്ചിന് ജയലളിത മരിച്ചതിനാല്‍ കേസില്‍ നിന്നു ഇവരെ കോടതി ഒഴിവാക്കിയിരുന്നു. അതേസമയം, കേസ് നടക്കുന്ന സമയത്ത് തങ്ങള്‍ പൊതു പ്രവര്‍ത്തകരോ സര്‍ക്കാര്‍ ജീവനക്കാരോ അല്ലെന്ന് പുനപ്പരിശോധനാ ഹർജിയില്‍ ശശികലയും മറ്റു പ്രതികളും വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ അഴിമതി വിരുദ്ധ നിയമം തങ്ങള്‍ക്കെതിരേ ചുമത്താന്‍ സാധിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
 
പൊതുപ്രവര്‍ത്തകയായ ജയലളിതയാണ് കേസിലെ ഒന്നാം പ്രതി. അവര്‍ മരിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ തങ്ങള്‍ക്കെതിരേ മാത്രം കേസ് നിലനില്‍ക്കില്ലെന്നും ശശികലയു മറ്റു പ്രതികളും പറയുന്നു. മാത്രമല്ല തങ്ങളെല്ലാം വെവ്വേറെ ആദായ നികുതി അടയ്ക്കുന്നവരാണ്. തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കാലത്ത് തങ്ങള്‍ കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 
ഹർജി പരിഗണിച്ച് ഇനി സുപ്രിംകോടതി ശശികലയെ പുറത്തുവിട്ടാലും ശശികലെ പിന്തുണക്കാൻ ആരുമുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. രാഷ്ട്രീയത്തിലേക്ക് തന്നെ തിരികെ വരാനാണ് ശശികലയുടെ ലക്ഷ്യമെങ്കിൽ പളനിസാമിയേയും ഒപിഎസിനേയും ഇത് എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക