വ്യാജ പൈലറ്റ്: ഡിജിസിഎ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ശനി, 26 മാര്‍ച്ച് 2011 (12:40 IST)
PRO
PRO
വ്യാജ രേഖകളിലൂടെ പൈലറ്റ് ലൈസന്‍സ് നേടിയ കേസുമായി ബന്ധപ്പെട്ട് ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് എവിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാലു പേര്‍ അറസ്‌റ്റിലായി. ഡി ജി സി എ അസിസ്‌റ്റന്റ് ഡയറക്‍ടര്‍ ഓഫ് ലൈസനന്‍സിംഗ് പദവി വഹിക്കുന്ന പ്രദീപ് കുമാറാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.

യോഗ്യതയില്ലാത്തവര്‍ക്ക് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നല്‍കാനായി ഇയാള്‍ ഉത്തരക്കടലാസിലും മറ്റ് രേഖകളിലും കൃത്രിമം നടത്തിയതായി കണ്ടെത്തി. ഇതിനായി ഇയാള്‍ വന്‍‌തുക പ്രതിഫലം കൈപ്പറ്റിയതായും തെളിഞ്ഞു. പൈലറ്റായ പ്രദീപ് ത്യാഗി, ഇടനിലക്കാരനായ ലളിത് ജയിന്‍ എന്നിവര്‍ക്കൊപ്പം മറ്റൊരാളും കൂടി പിടിയിലായിട്ടുണ്ട്.

കേസില്‍ നിരവധിപ്പേരെ ഇനിയും പിടികൂടാനുണ്ടെന്ന് ഡല്‍ഹി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.

പൈലറ്റ് ലൈസന്‍സില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് തെളിഞ്ഞതോടെയാണ് വ്യോമയാനവിഭാഗം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ പതിനായിരത്തിലേറെ വരുന്ന കമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സുകളാണ് പരിശോധിക്കുന്നത്.

ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എം ഡി ആര്‍ എല്‍ എന്നീ വിമാനക്കമ്പനികളിലെ പൈലറ്റുമാരാണ് അരോപണവിധേയരായവര്‍. രാജസ്ഥാന്‍ ഫ്ലൈയിംഗ് സ്കൂള്‍ വ്യാപകമായി വ്യാജരേഖകള്‍ നിര്‍മ്മിച്ച് നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക