വ്യാജ പാസ്‌പോര്‍ട്ട് കേസ്: അധോലോക നായകന്‍ അബു സലീമിന് ഏഴു വര്‍ഷം കഠിന തടവ്
വ്യാഴം, 28 നവംബര്‍ 2013 (18:39 IST)
PRO
PRO
വ്യാജപാസ്പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ അബു സലീമിന് ഏഴു വര്‍ഷം കഠിന തടവ്. ഹൈദരാബാദ് സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. വ്യാജ പേരും വിലാസവും ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടിയതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രത്യേക കോടതി ജഡ്ജി എം വി നാരായണ നായിഡു ശിക്ഷ വിധിച്ചത്.
നേരത്തെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐപിസി വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിന തടവിനും രണ്ടു കുറ്റങ്ങള്‍ക്കും ആയിരം രൂപ വീതം പിഴയും ചുമത്തിയിരുന്നു. വ്യാജ രേഖ ചമച്ച മറ്റൊരു കേസില്‍ ഒരു വര്‍ഷം കഠിന തടവിനും ആയിരം രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. ശിക്ഷകള്‍ എല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചുവരികയാണ്. ഈ കേസുകളില്‍ ഇതിനകം തന്നെ ആറു വര്‍ഷം തടവ് അബു സലിം പുര്‍ത്തിയാക്കിയതായി സിബിഐ സീനിയര്‍ പ്രോസിക്യൂട്ടര്‍ ടി എന്‍ രമണ അറിയിച്ചു.
വിധി പ്രഖ്യാപിക്കുന്ന വേളയില്‍ സലിം കോടതിയില്‍ ഹാജരായിരുന്നു. വിധി അറിഞ്ഞ ശേഷം ജയില്‍ അധികൃതര്‍ സലിമിനെ മുംബൈയിലേക്ക് തിരികെ കൊണ്ടുപോയി. ഹൈദരാബാദ് റീജണല്‍ പാസ്പോര്‍ട്ട് ഒഫീസില്‍ നിന്നും 2001ല്‍ അനധികൃത രേഖകള്‍ ഉപയോഗിച്ച് രാമില്‍ കാമില്‍ മാലിക് എന്ന വ്യാജ പേരില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചു എന്നാണ് കേസ്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സ്വകാര്യ വ്യക്തികളുടെയും മൗനാനുവാദത്തോടെയായിരുന്നു ഇത്. 2005ല്‍ പോര്‍ച്ചുഗലില്‍ അറസ്റ്റിലായ അബു സലിമിനെയും കൂട്ടുകാരി മോണിക്കാ ബേദിയെയും പോര്‍ച്ചുഗല്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു.
2002 ഒക്ടോബറില്‍ ആണ് ആന്ധ്രപ്രദേശ് പൊലീസില്‍ നിന്നും സിബിഐ കേസ് ഏറ്റെടുത്തത്. പത്തു പേര്‍ക്കെതിരെ 2004 ല്‍ കുറ്റപത്രം സമര്‍പിക്കുകയും ചെയ്തു. ഇതില്‍ എഴുപേര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടു പേര്‍ കുറ്റവിമുക്തരാക്കപെട്ടു. വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് അബൂ സലിമിന്‍്റെ അഭിഭാഷകന്‍ അറിയിച്ചു.