ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച വിസമ്മതം പ്രകടിപ്പിച്ചു. വി വി റാവു എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ അപാകതകള്‍ പരിഹരിക്കും വരെ ഉപയോഗം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. വിഷയത്തില്‍ ഹര്‍ജിക്കാരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ നയിച്ച ബഞ്ച് ഹര്‍ജി തള്ളിക്കൊണ്ട് നിര്‍ദ്ദേശിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാമെന്ന് വിദഗ്ധരും വിവിധ തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനകളും വിലയിരുത്തിയിട്ടുള്ളതായി ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. നിരവധി മണ്ഡലങ്ങളിലെ ഇലക്ട്രോണിക് ഫലങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ വളരെ എളുപ്പത്തില്‍ കൃത്രിമം കാണിക്കാമെന്നുള്ളത് കൊണ്ട് അപാകതകള്‍ പരിഹരിക്കും വരെ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത് എന്നാണ് റാവു സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.