വീട്ടുകാരും സുഹൃത്തുക്കളും ഉപേക്ഷിച്ചതിനാല്‍ വീണ്ടും ജയിലില്‍ തിരിച്ചെത്താന്‍ കൊലപാതകം നടത്തിയയാള്‍ക്ക് കോടതി അവസാനം ജീവപര്യന്തം വിധിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള സതീഷ് കുമാറിനെയാണ് (60) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അവസാനം, തനിക്ക് ജയിലിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചതില്‍ സതീഷ് കുമാര്‍ സന്തോഷവാനാണ്.
കൊലപാതകം നടത്തിയതിന് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന സതീഷ് കുമാര്‍ മൂന്ന് വര്‍ഷം മുമ്പാണ് തീഹാര്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. പതിനഞ്ച് വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് നാട്ടിലെത്തിയ സതീഷിനെ സ്വീകരിക്കാന്‍ ബന്ധുക്കളാരും തയ്യാറായില്ല. സുഹൃത്തുക്കളും സതീഷിനെ അവഗണിച്ചു.
ഉറ്റവരോ ഉടയവരോ തന്നെ സ്വീകരിക്കും എന്ന പ്രതീക്ഷയില്‍ എട്ട് മാസക്കാലത്തോളം കാത്തിരുന്നു. അവസാനം, ആരും തന്നെ സ്വീകരിക്കില്ലെന്ന് മനസിലായപ്പോള്‍ വീണ്ടും ജയിലില്‍ എത്തിപ്പെടാന്‍ വഴി തേടുകയായിരുന്നു സതീഷ്. 2009 ഒക്ടോബറില്‍, ഉറങ്ങിക്കിടക്കുകയായിരുന്ന, കൂലിവേലക്കാരനായ ഒരു യുവാവിനെ നിഷ്കരുണം വധിച്ചാണ് സതീഷ് ജയിലിലേക്കുള്ള വഴി ഉറപ്പിച്ചത്.
യുവാവിനെ കുത്തിയ കത്തിയുമായി സതീഷ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരായെങ്കിലും കോടതി നടപടികള്‍ രണ്ടരവര്‍ഷക്കാലത്തോളം നീണ്ടു. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല ഇതെന്നും അതിനാല്‍ പ്രതിക്ക് വധശിക്ഷ വേണ്ടെന്നും കോടതി വിധിക്കുകയായിരുന്നു. രണ്ടാമത്തെ ജീവപര്യന്തെമെങ്കിലും സതീഷിനെ നല്ലൊരാളായി മാറ്റിത്തീര്‍ക്കുമെന്ന് കോടതി പ്രത്യാശിച്ചു.