വേണുഗോപാലിനെ തിരിച്ചെടുക്കണമെന്ന് കോടതി

വ്യാഴം, 8 മെയ് 2008 (12:42 IST)
WDFILE
എയിംസ് ഡയറക്‍ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ ഡോക്‍ടര്‍ വേണുഗോപാലിനെ തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി വ്യാഴാഴ്‌ച കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന എയിംസ് ഭരണഘടന ഭേദഗതി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ഡോക്‍ടര്‍ വേണുഗോപാലിന് 2008 ജൂണ്‍ മൂന്ന് വരെ ഡയറക്‍ടര്‍ സ്ഥാനത്തു തുടരാമെന്നും കോടതി പറഞ്ഞു. എയിംസ് ഡയറക്‍ടറുടെ പ്രായപരിധി 65 വയസ്സായി ചുരുക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു.

തുടര്‍ന്ന്, വേണുഗോപാലിന് തല്‍‌സ്ഥാനത്തു നിന്ന് വിരമിക്കേണ്ടി വന്നു. മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ അരുണ്‍ ജെറ്റ്ലിയാണ് വേണുഗോപാലിനു വേണ്ടി കോടതിയില്‍ ഹാജരായത്.

വേണുഗോപാലിനെ തല്‍‌സ്ഥാനത്തു നിന്നു നീക്കിയത് നിയമവിരുദ്ധമാണെന്ന് അരുണ്‍ ജെറ്റ്‌ലി കോടതിയില്‍ വാദിച്ചു. 2007 മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി ഈ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതു വരെ വേണുഗോപാലിന് തല്‍‌സ്ഥാനത്തു തുടരാമെന്ന് വിധിച്ചിരുന്നു.

പ്രായപരിധി ചുരുക്കിക്കൊണ്ടുള്ള ഭേദഗതി പാര്‍ലമെന്‍റ് 2007 ഓഗസ്റ്റിലാണ് പാസാക്കിയത്. വേണുഗോപാലിനെ തല്‍‌സ്ഥാനത്തു നിന്ന് നീക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരോഗ്യമന്ത്രി അന്‍‌പുമണി രാംദോസായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക