വിവാദനടി ലീനയെ റിമാന്‍ഡ് ചെയ്തു

വെള്ളി, 31 മെയ് 2013 (19:43 IST)
PRO
ചെന്നൈയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് 20 കോടി രൂപയോളം തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ അറസ്റ്റിലായ മലയാളി സിനിമാതാരം ലീന മരിയ പോളിനെ ചെന്നൈ കോടതി റിമാന്‍ഡ് ചെയ്തു. ചെന്നൈ ആലന്തൂര്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 14 ദിവസത്തെയ്ക്കാണ് ലീനയെ റിമാന്‍ഡ് ചെയ്തത്.

ലീനയെ ചെന്നൈ പുഴല്‍ ജയിലിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള തമിഴ്നാട് എക്സ്പ്രസില്‍ വെള്ളിയാഴ്ച രാവിലെയാണ് നടിയെ ചെന്നൈയില്‍ എത്തിച്ചത്.

ലീനയെ ഡല്‍ഹി വസന്ത് കുഞ്ചിലെ ആംബിയന്‍സ് മാളിനു സമീപത്തുള്ള ഫാം ഹൌസില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അണ്ണാനഗറിലെ കനറാ ബാങ്ക് ശാഖയില്‍ നിന്നാണ് 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. ലീനയും സുഹൃത്ത് ശേഖറും കേസില്‍ പ്രതിയാണ്. ഒരു മാസമായി ഇവര്‍ ഡല്‍ഹിയില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഐ‌എ‌എസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്.

തമിഴ്നാട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് ലീനയെ അറസ്റ്റ് ചെയ്തത്. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്. ദുബായില്‍ ജനിച്ച ലീന ചാലക്കുടി സ്വദേശിയാണ്.

വെബ്ദുനിയ വായിക്കുക