വിലക്കയറ്റം നിയന്ത്രിക്കാന്‍ 3 മാസം: പ്രണാബ്

ബുധന്‍, 12 ജനുവരി 2011 (15:42 IST)
PRO
രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാന്‍ മൂന്ന് മാസം വേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യുപി‌എ സര്‍ക്കാരിന് വിലക്കയറ്റം ശക്തമായ തിരിച്ചടിയാവുന്ന അവസരത്തിലാണ് പ്രണാബിന്റെ വിശദീകരണം.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമൊന്നും എടുക്കാതെ പിരിയുകയായിരുന്നു. വിഷയത്തില്‍ ധനമന്ത്രാലയത്തിന്റെയും കൃഷിമന്ത്രാലയത്തിന്റെയും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കും ഇനി യോഗം ചേരുക.

അതേസമയം, വിലക്കയറ്റ പ്രശ്നത്തില്‍ യുപി‌എ കക്ഷികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂ‍ക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം പ്രധാ‍നമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ വച്ച് പി ചിദംബരവും കൃഷിമന്ത്രി ശരദ്‌പവാറും തമ്മില്‍ പഞ്ചസാര കയറ്റുമതിയെ കൊല്ലി തര്‍ക്കമുണ്ടായി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്തത് കൂട്ടുകക്ഷി ഭരണമായതിനാലാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും വിവാദമായി.

കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കണം. വിലക്കയറ്റം നിയന്ത്രിക്കുന്നത് ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ല എന്നും മറിച്ച്, ഒരു കൂട്ടുത്തരവാദിത്തമാണെന്നും എന്‍സിപി രാഹുലിന്റെ അഭിപ്രായത്തോട് പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക