വിമാനത്തില്‍ കയറ്റിയില്ല, യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കി!

ചൊവ്വ, 19 ജൂണ്‍ 2012 (11:49 IST)
PRO
PRO
വൈകിയെത്തിയതിനെ തുടര്‍ന്ന് ബോഡിംഗ് പാസ് നിഷേധിക്കപ്പെട്ടതിന്റെ അരിശം തീര്‍ക്കാന്‍ വിമാനയാത്രക്കാരന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിനായിരുന്നു വ്യാജ ബോംബ് ഭീഷണി. ഹരേന്ദര്‍ ഖന്ന എന്ന യാത്രക്കാരനാണ് ഇതിന് പിന്നില്‍ എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകിയെത്തിയതിനെ തുടര്‍ന്നു യാത്രാനുമതി നിഷേധിക്കപ്പെട്ടതാണ് ഹരേന്ദര്‍ ഖന്നയെ ചൊടിപ്പിച്ചത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാള്‍ ഫോണ്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെ 174 യാത്രക്കാരെയും തിരിച്ചിറക്കി. വിശദമായ പരിശോധനകള്‍ക്ക് ശേഷം നാല് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.

ഫോണ്‍ സന്ദേശം ഖന്നയുടെ മൊബൈലില്‍ നിന്നാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തന്റെ മൊബൈല്‍ കളഞ്ഞുപോയെന്ന് പറഞ്ഞ് ഇയാള്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഖന്ന പറഞ്ഞത് കള്ളമാണെന്ന് തെളിയിച്ചു.

വെബ്ദുനിയ വായിക്കുക