വിജയ് മല്യക്കെതിരെയുള്ള ഹർജിയിലെ വിധി ഇന്ന് പ്രഖ്യാപിക്കും

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2016 (11:49 IST)
വായ്പ തിരിച്ചടക്കാത്ത കേസില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവെക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ഹർജിയിൽ ബെംഗളൂരുവിലെ ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഇന്നു വിധിപറയും. എസ് ബി ഐ അടക്കമുള്ള 17 ബാങ്കുകളുടെ കണ്‍സോഷ്യം നല്‍കിയ നാല് ഹര്‍ജികളില്‍ ഒന്നിലായിരിക്കും വിധിയുണ്ടാകുക.
 
കിങ്ഫിഷർ വിമാനത്തിന് വേണ്ടി വായ്പയെടുത്ത 7000 കോടി തിരിച്ചടക്കാത്ത കേസിൽ വിജയ് മല്യയ്ക്കെതിരെ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ് ബി ഐ ബാങ്ക് നൽകിയ ഹർജിക‌ൾ കടം തിരിച്ചുപിടിക്കൽ ട്രൈബ്യൂണൽ പരിഗണിച്ചത്.
 
യുണൈറ്റഡ് സ്പിരിറ്റ്‌സ് കമ്പനിയിൽ നിന്ന് മല്യക്ക് 7,500 കോടി രൂപ ലഭിച്ചതിനെത്തുടർന്നാണ് എസ് ബി ഐ അടിയന്തിരമായി കോടതിയെ സമീപിച്ചത്. എന്നാൽ അടുത്ത അഞ്ചു വർഷത്തേക്ക് മദ്യവ്യവസായം ചെയ്യില്ലെന്ന നിബന്ധനയിൽ പിരിഞ്ഞ് പോയതിന്റെ വിഹിതമാണ് 7,500 കോടി ലഭിച്ചതെന്നും ബാങ്കുകൾക്ക് ഇത് പിടിച്ചടക്കാനുള്ള അധികാരമില്ലെന്നും കേസ് കോടതിയുടെ പരിധിയിൽ ഇരിക്കവെ മല്യയുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടിരുന്നു.
 
വിജയ് മല്യയുടെ പാസ്പോർട്ട് പിടിച്ച് വെക്കുക, സ്വത്തുക്ക‌ൾ കണ്ടെടുക്കുക, അറസ്റ്റ് ചെയ്യുക തുടങ്ങി ബാങ്കിന്റെ ആവശ്യങ്ങ‌ൾ പിന്നീട് പരിഗണിക്കുന്നതായിരിക്കും.