വിഘടനവാദികള്‍ ജനാധിപത്യത്തിലേക്ക് മടങ്ങണം: സോണിയ

ശനി, 14 ഫെബ്രുവരി 2009 (16:30 IST)
PTI
കശ്മീര്‍ വിഘടനവാദികള്‍ ജനാധിപത്യ പ്രക്രിയയിലേക്ക് മടങ്ങിവരണമെന്ന് യു പി എ അധ്യക്ഷ സോണിയ ഗാന്ധി ശനിയാഴ്ച ആഹ്വാനം ചെയ്തു. ഇത്തരക്കാര്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം എന്നും സോണിയ പറഞ്ഞു.

സംസ്ഥാനത്ത് അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ ബഹുജനപങ്കാളിത്തം ജനങ്ങള്‍ ജനാധിപത്യത്തെയും വികസനത്തെയും ഇഷ്ടപ്പെടുന്നു എന്നതിന്‍റെ തെളിവാണ്. ജനങ്ങള്‍ അക്രമം ഉപേക്ഷിച്ച് ജനാധിപത്യത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതിന്‍റെ തെളിവാണത്, ശ്രീനഗറില്‍ നിന്ന് ദുബായിലേക്ക് പോവുന്ന വിമാന സര്‍വീസിന്‍റെയും ബുദ്ഗാം-ബാരാമുള്ള ട്രെയിന്‍ സര്‍വീസിന്‍റെയും ഉദ്ഘാടനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സോണിയ.

ജമ്മുകശ്മീരിലായാലും മറ്റ് എവിടെയാണെങ്കിലും അക്രമത്തിന്‍റെ പാത സ്വീകരിച്ചിരിക്കുന്നവര്‍ പൊതുജന നന്മ ലക്‍ഷ്യമിടുന്നവരല്ല. അക്രമത്തിന് അധികം ആയുസ്സില്ല. രാജ്യത്ത് ജനാധിപത്യം എത്രത്തോളം ആഴത്തില്‍ വേരോടിയിട്ടുണ്ട് എന്നത് ജമ്മു കശ്മീരിലെ ജനങ്ങള്‍ ലോകത്തിനു കാട്ടികൊടുത്തിരിക്കുകയാണ്, സോണിയ പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയിരിക്കുന്ന സര്‍ക്കാര്‍ ബഹുവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി നാടിനെ സമ്പല്‍‌സമൃദ്ധിയിലേക്ക് നയിക്കുമെന്നും സോണിയ പറഞ്ഞു.

വെബ്ദുനിയ വായിക്കുക