വിവാഹക്കാര്യത്തില്‍ വരുണ്‍ഗാന്ധി രാഹുല്‍ ഗാന്ധിയെ പിന്തള്ളുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യാമിനി റോയ് ചൌധരിയും വരുണും വിവാഹിതാരാവാന്‍ പോവുന്നു എന്ന് റിപ്പോര്‍ട്ട്. ഇവര്‍ ഡിസംബറില്‍ വിവാഹിതരാവുമെന്നാണ് കുടുംബവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
യാമിനിയും പിലിബിറ്റ് എംപി ആയ വരുണും തമ്മില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അടുത്ത പരിചയമുണ്ടായിരുന്നു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദമെടുത്ത യാമിനി ഫ്രാന്‍സിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗ് കോഴ്സും പാസായിട്ടുണ്ട്.
വരുണിന്റെ വിവാഹം നെഹ്രു-ഗാന്ധി പരമ്പരയിലെ മരുമക്കളായ സോണിയയെയും മേനകയെയും വീണ്ടും അടുപ്പിച്ചേക്കാമെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വരുണിന്റെ വിവാഹത്തില്‍ സോണിയയെ കൂടാതെ പ്രിയങ്കയും രാഹുലും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേനക ഗാന്ധി ഭാവി മരുമകള്‍ക്ക് ബനാറസ് സാരി വാങ്ങാനായി വാരണാസിയില്‍ എത്തിയതാണ് വിവാഹ വാര്‍ത്ത പുറത്തറിയാന്‍ കാരണമായത്. എന്തായാലും ഭാവി മരുമകള്‍ക്ക് അനുയോജ്യമായ നിറത്തിലുള്ള സാരി ലഭിക്കാഞ്ഞതിനാല്‍ ഇഷ്ടപ്രകാരമുള്ള സാരിക്ക് ഓര്‍ഡര്‍ നല്‍കി മേനക മടങ്ങുകയായിരുന്നു.