വരുണ്‍ അറസ്റ്റ് വരിക്കാനൊരുങ്ങുന്നു

ശനി, 28 മാര്‍ച്ച് 2009 (09:38 IST)
പിലിബിറ്റില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി ശനിയാഴ്ച മണ്ഡലത്തിലെത്തി അറസ്റ്റ് വരിക്കും. ഇതിനായി അദ്ദേഹം മണ്ഡലത്തിലേയ്ക്ക് പുറപ്പെട്ടു. വരുണിന്‍റെ മുന്‍‌കൂര്‍ ജാമ്യത്തിന്‍റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. 11 മണിയോടെ മണ്ഡലത്തിലെത്തി അറസ്റ്റ് വരിക്കുമെന്നാണറിയുന്നത്.

അറസ്റ്റ് വരിച്ച് സഹതാപ തരംഗം സൃഷ്ടിച്ചെടുക്കാനാണ് വരുണിന്‍റെ നീക്കം. ബിജെപി നേതാക്കളും വരുണിനെ അനുഗമിക്കുന്നുണ്ട്. താരപരിവേഷം സൃഷ്ടിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമായി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍‌കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച വരുണ്‍ പിന്‍‌വലിച്ചിരുന്നു.

തെരഞ്ഞെടുപ്പ് റാലിയില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപണത്തെ തുടര്‍ന്ന് വരുണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനെതിരെ അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ ഹര്‍ജി ബുധനാഴ്ച തള്ളിയിരുന്നു.

ഇതെ തുടര്‍ന്ന്, സുപ്രീം കോടതിയെ സമീപിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് അത് വേണ്ടെന്നു വയ്ക്കുകയും അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം വരുണിന്‍റെ അനുയായികളും പൊലീസും തമ്മില്‍ പിലിബിറ്റില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകര്‍ ഇപ്പോള്‍ മണ്ഡലത്തില്‍ റോഡ് ഉപരോധിക്കുകയാണ്. ഏതാനും ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക