ലോക്പാല്‍ സമിതിയില്‍ അഭിപ്രായവ്യത്യാസം

തിങ്കള്‍, 30 മെയ് 2011 (18:26 IST)
PRO
ജനലോക്പാല്‍ സമിതിയുടെ സമ്മേളനത്തില്‍ മന്ത്രിമാരും പൊതു സമൂഹത്തിന്റെ പ്രതിനിധികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നു. ജനലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും കൊണ്ടുവരാന്‍ സാധ്യമല്ല എന്നാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ നിലപാട്.

എന്നാല്‍, ഇത് അംഗീകരിക്കാനാവില്ല എന്നും ജനഹിതത്തിനെതിരെ പെരുമാറിയാല്‍ വീണ്ടും സമരപ്പന്തലിലേക്ക് മടങ്ങുമെന്നും പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് പോലെയുള്ള ഉന്നതാധികാര കേന്ദ്രങ്ങള്‍ ലോക്‍പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. ഇത് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കും. ജുഡീഷ്യറിയെയും ലോക്‍പാലിന്റെ പരിധിയില്‍ കൊണ്ടുവരാനാവില്ല. പകരം ഒരു സ്വയം നിയന്ത്രിത സംവിധാനം കൊണ്ടുവരാന്‍ സാധിക്കും.

എം‌പിമാരുടെ പാര്‍ലമെന്റിനകത്തെ പെരുമാറ്റം ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം എന്ന പൊതുസമൂഹത്തിന്റെ പ്രതിനിധികളുടെ വാദവും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ തള്ളി. എം‌പിമാരുടെ പാര്‍ലമെന്റിനു പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇത്തരത്തില്‍ പരിഗണിക്കാനാവൂ എന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നിലപാട് എടുത്തു.

ലോക്പാല്‍ കരട് സമിതിയുടെ അടുത്ത യോഗം ജൂണ്‍ ആറിനാണ്. അതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ കുറിച്ചുള്ള പൊതുജനാഭിപ്രായം തേടാനാണ് പൊതു സമൂഹത്തിന്റെ പ്രതിനിധികളുടെ തീരുമാനം. ജൂണ്‍ മുപ്പതിനു മുമ്പ് ജനലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരിക്കാ‍നാണ് സമിതി ല‌ക്‍ഷ്യമിട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക